എയര്‍ കേരള ഈ വര്‍ഷം അവസാനത്തോടെ യാഥാർത്ഥ്യമാകും

single-img
25 March 2015

air keralaതിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ സ്വന്തം വിമാന കമ്പനി എയര്‍ കേരള ഈ വര്‍ഷം അവസാനത്തോടെ യാഥാർത്ഥ്യമാകും.  എയര്‍ കേരള വിമാന കമ്പനി വരുന്ന നവംബര്‍ മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.  സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയര്‍ കേരള.

പദ്ധതി സംബന്ധിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിൽ 27ന് തിരുവനന്തപുരത്ത് ചേരും. എയര്‍ കേരള സര്‍വീസിനായി വിമാനം പാട്ടത്തിന് എടുക്കാന്‍ എയര്‍ക്രാഫ്റ്റ് കമ്പനികളുമായി ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ഇതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങളും യോഗത്തിലുണ്ടാകും. ആഭ്യന്തര സര്‍വീസുകളെക്കാള്‍ ഗള്‍ഫ് സര്‍വീസുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ 19 സീറ്റുള്ള എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കാനാണ് ആലോചന. ആഭ്യന്തര സര്‍വീസുകളായിട്ടായിരിക്കും എയര്‍ കേരളയുടെ തുടക്കം. എയര്‍ കേരള പദ്ധതിക്ക് പ്രധാന തടസമായി നിന്നത് രണ്ട് കേന്ദ്ര വ്യോമയാന നിയമങ്ങളാണ്.

അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നും 20 വിമാനങ്ങള്‍ ഉണ്ടായിരിക്കണമെന്നുമള്ളതും കേന്ദ്ര നിയമങ്ങളാണ്. ഇതില്‍ അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമെന്നത് ഒരു വര്‍ഷമാക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി പ്രഖ്യാപിച്ചിരുന്നു. 20 വിമാനങ്ങള്‍ എന്ന നിയമവും കാലക്രമേണ മാറ്റുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ചെന്നൈ, ബംഗലൂരു മേഖലകളിലേക്ക് ആഭ്യന്തര സര്‍വീസ് ആരംഭിച്ചാല്‍ ലാഭകരമായി സര്‍വീസ് നടത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

എയര്‍ കേരള സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനുവേണ്ടി സിയാല്‍ തയാറാക്കിയ പഠനറിപ്പോര്‍ട്ട് 27ന് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. സിയാലിന്റെ സബ്‌സിഡിയറി കമ്പനിയായി സി.ഐ.എ.എസ്.എല്‍ ആണ് പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

വിമാനം പാട്ടത്തിനെടുക്കാന്‍ എ.ടി.ആര്‍, എംബ്രാഡിയര്‍ തുടങ്ങിയ വിമാനക്കമ്പനികളുമായും ഇതുമായി ബന്ധപ്പെട്ടവരുമായും സിയാല്‍ ചര്‍ച്ച നടത്തിയിരുന്നു.  രണ്ടോ മൂന്നോ വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
എയര്‍ കേരള സര്‍വീസ് നടത്തുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കുന്ന കാര്യത്തിലും 27നു ചേരുന്ന സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും.