സി.പി.ഐയുടെ 22-ാം പാര്‍ട്ടികോണ്‍ഗ്രസ് പുതുച്ചേരിയില്‍ ആരംഭിച്ചു

single-img
25 March 2015

CPI logo FBപുതുച്ചേരി: സി.പി.ഐയുടെ 22-ാം പാര്‍ട്ടികോണ്‍ഗ്രസ് പുതുച്ചേരിയില്‍ തുടങ്ങി. മുതിര്‍ന്ന അംഗം എന്‍ നല്ലകണ്ണ് പതാക ഉയര്‍ത്തി. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അബനി റോയ് (ആര്‍.എസ്.പി.), ദേബബ്രത ബിശ്വാസ് (അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്) തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. സി.പി.എമ്മുമായുള്ള പാര്‍ട്ടിയുടെ സവിശേഷബന്ധവും പ്രതിനിധികള്‍ വിശകലനം ചെയ്യും. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി യോജിച്ച് പൊരുതേണ്ടതുണ്ടോ എന്ന വിഷയത്തിന്മേലും ചര്‍ച്ചയുണ്ടാകും.

29-ന് ദേശീയ കൗണ്‍സിലിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പും അന്ന് നടക്കും. ഉച്ചതിരിഞ്ഞ് നാലിന് ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പൊതുജന റാലി പുതുച്ചേരിയിലെ ഉപ്പളം തുറമുഖത്ത് നടക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് കടലൂര്‍ റോഡിലുള്ള എ.എഫ്.ടി മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് സമാപനമാവും.