റുഷ്‌ദിയെ പുകഴ്‌ത്തിയ ഇന്ത്യന്‍ എഴുത്തുകാരിയുടെ മുഖത്ത്‌ ഇഷ്‌ടിക കൊണ്ട്‌ ഇടിച്ചു

single-img
24 March 2015

priyaജോഹന്നാസ്‌ ബര്‍ഗ്‌: സല്‍മാന്‍ റുഷ്‌ദിയെ പുകഴ്‌ത്തിയതിന്‌ ഇന്ത്യന്‍ എഴുത്തുകാരിക്ക്‌ നേരെ ദക്ഷിണാഫ്രിക്കയില്‍  ആക്രമണം. സൈനുബ്‌ പ്രിയാ ദല എന്ന എഴുത്തുകാരിയാണ്‌ ആക്രമണത്തിൽ ഇരയായത്‌. ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും വളരെ മോശമായി അധിക്ഷേപിക്കപ്പെടുകയും ചെയ്‌തതായിട്ടാണ്‌ വിവരം. അക്രമികള്‍ സൈനുബിന്റെ മുഖത്ത്‌ ഇഷ്‌ടിക കൊണ്ട്‌ ഇടിക്കുകയും പുലഭ്യം പറയുകയും ചെയ്‌തതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്‌ച ഡര്‍ബനിൽ നടന്ന സാഹിത്യ ശില്‍പ്പശാലയില്‍ സൈനുബ്‌ റുഷ്‌ദിയെ പുകഴ്‌ത്തി സംസാരിച്ചിരുന്നു.

ഡര്‍ബനിലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സല്‍മാന്‍ റുഷ്‌ദിയുടേയും അരുന്ധതിറോയിയുടേയും എഴുത്തുരീതികള്‍ തനിക്ക്‌ ഇഷ്‌ടമാണെന്ന്‌ ഇവര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‌ ഏതാനും അധ്യാപകരും വിദ്യാര്‍ത്ഥികളും ശില്‍പ്പശാലയില്‍ നിന്നും പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു.

ഇതിന്റെ പ്രതികാരമായിരിക്കാം ആക്രമണമെന്നാണ്‌ ദല കരുതുന്നത്‌. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ഇവരുടെ പുതിയ നോവല്‍ ‘വാട്ട്‌ എബൗട്ട്‌ മീര’ യുടെ ശനിയാഴ്‌ച നടക്കാനിരുന്ന പ്രകാശന ചടങ്ങ്‌ മാറ്റി വെച്ചിരിക്കുകയാണ്‌. താമസിക്കുന്ന ഹോട്ടലില്‍ നിന്നും പോകുമ്പോള്‍ ഇവരെ പിന്തുടര്‍ന്നെത്തിയ സംഘം ഇവരുടെ വാഹനം തടയുകയും കഴുത്തില്‍ കത്തി വെച്ച്‌ ആക്ഷേപിച്ച ശേഷം ഇഷ്‌ടികയ്‌ക്ക് മുഖത്ത്‌ ഇടിക്കുകയുമായിരുന്നു.

ഇക്കാര്യത്തില്‍ തനിക്ക്‌ ഖേദമുണ്ടെന്നായിരുന്നു സല്‍മാര്‍ റുഷ്‌ദി ആക്രമണത്തോട്‌ ട്വിറ്ററിലൂടെ പ്രതികരിച്ചത്‌. ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും കടുത്ത പ്രതിഷേധം നേരിടുന്ന റുഷ്‌ദി ഇറാനിയന്‍ നേതാവ്‌ ആയത്തുള്ള ഖുമേനി ഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ 1989 മുതല്‍ പ്രവാസ ജീവിതം നയിക്കുകയാണ്‌.