അധികം വൈകാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് അന്ത്യശ്വാസം വലിക്കും-വഖാര്‍ യൂനിസ്

single-img
24 March 2015

waqarസിഡ്‌നി: പാകിസ്ഥാനില്‍ മറ്റ് ടീമുകളുടെ കളിക്കില്ലെന്ന നിലപാട് തുടര്‍ന്നാല്‍ അധികം വൈകാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് അന്ത്യശ്വാസം വലിക്കുമെന്ന് പരിശീലകന്‍ വഖാര്‍ യൂനിസ്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായതിനുശേഷം പാകിസ്ഥാനിൽ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായിട്ടില്ല. കഴിഞ്ഞ വര്‍ഷം കെനിയ ഹൃസ്വപരമ്പര കളിച്ചിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിയത്ത അവസ്ഥ തുടരുകയാണെങ്കില്‍ പാക് ക്രിക്കറ്റ് മരിക്കും. ജൂനിയര്‍ തലത്തില്‍ ഇപ്പോള്‍ നല്ല കളിക്കാരില്ല. കുട്ടികളെ അധികം കളിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നല്ല കളിക്കാര്‍ വളര്‍ന്നു വരികയുള്ളൂ.

പാകിസ്ഥാനിലെ ക്രിക്കറ്റ് അടിമുടി അഴിച്ചുപണിയേണ്ട കാലമായി. ലോകകപ്പ് നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ പാക് ക്രിക്കറ്റ് കാതങ്ങള്‍ പിറകിലാണ്. ബൗളിങ്ങിന്റെ കാര്യത്തില്‍ പ്രശ്‌നമില്ല. അഭിമാനാര്‍ഥമായ പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവച്ചത്. ബാറ്റിങ്ങാണ് പ്രശ്‌നം. 300 കൂടുതല്‍ റണ്ണെടുക്കാന്‍ പോന്ന വമ്പനടിക്കാര്‍ വരേണ്ടിയിരിക്കുന്നു. മിസ്ബയും യൂനിസ് ഖാനും വിരമിച്ചാല്‍ വലിയൊരു ശൂന്യതയാണ് ഉണ്ടാവുക-വഖാര്‍ പറഞ്ഞു.

ലോകകപ്പിന് തൊട്ടുമുന്‍പാണ് ഐ.സി.സി. ബൗളിങ് ആക്ഷന്റെ പേരിലുള്ള നടപടി കടുപ്പിച്ചത്. ഇതുമൂലം പാകിസ്ഥാന് സ്പിന്നര്‍മാരായ സയ്യിദ് അജ്മലിനെയും മുഹമ്മദ് ഹഫീസിനെയും കളിപ്പിക്കാന്‍ കഴിഞ്ഞില്ല.

എന്തു തന്നെയായാലും പരിഷ്‌കരണങ്ങള്‍ ഇനിയും വച്ചു താമസിപ്പിച്ചുകൂട. അത്ര വേഗത്തിലാണ് ക്രിക്കറ്റ് ലോകം മാറിക്കൊണ്ടിരിക്കുന്നത്-വഖാര്‍ പറഞ്ഞു.