ശീമാട്ടിയും കെഎംആര്‍എല്ലും തമ്മിൽ ഒത്തുകളിക്കുന്നു- പി. രാജീവ് എം.പി

single-img
24 March 2015

kochimetroകൊച്ചി: ശീമാട്ടിയുടെ ഉടമസ്ഥതയില്‍ ഭൂമി നിലനിര്‍ത്തി മെട്രോ നിര്‍മ്മാണം നടത്താന്‍ കെഎംആര്‍എല്ല് നീക്കം നടത്തുന്നതായി പി. രാജീവ് എം.പി ആരോപിച്ചു. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുമായി ധാരണാപത്രം ഒപ്പിടാനുള്ള കെ.എം.ആര്‍.എല്‍ നീക്കം അംഗീകരിക്കില്ല. ശീമാട്ടിയുടെ ഭാഗത്തെ തൂണുകളില്‍ പരസ്യം പതിക്കാന്‍ സ്ഥാപനത്തിന് മുന്‍ഗണന നല്‍കാനാണ് നീക്കം. ധാരണാപത്രം നിലവില്‍വന്നാല്‍ ആലുവ മുതല്‍ എം.ജി റോഡ് വരെ മെട്രോക്ക് വീടും സ്ഥലവും കച്ചവടസ്ഥാപനങ്ങളും വിട്ടുകൊടുത്ത നൂറുകണക്കിന് ആളുകളാകും വഞ്ചിക്കപ്പെടുക.
ധാരണാപത്രം അനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മെട്രോ തൂണുകള്‍ നിര്‍മ്മിക്കുന്ന ഏക സ്വകാര്യസ്ഥലം ശീമാട്ടിയുടേതാകുമെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് കൊച്ചി മെട്രോ നിര്‍മ്മാണത്തിന് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതിലെ അനാസ്ഥക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നപ്പോഴാണ് 48 മണിക്കൂറിനകം ബലമായി സ്ഥലം ഏറ്റെടുക്കുമെന്ന് ജില്ലാഅധികൃതര്‍ അറിയിച്ചത്.

അന്ത്യശാസനം അവസാനിക്കുമ്പോള്‍ കലക്ടര്‍ക്ക് നേരിട്ട് ഭൂമി ഏറ്റെടുക്കാമെന്നിരിക്കെ ഇത് മറികടന്നാണ് ധാരണാപത്രത്തിന് കെ.എം.ആര്‍.എല്‍ നീക്കം നടത്തുന്നത്. രണ്ടുദിവസമായി കലക്ടറുടെ ക്യാമ്പ് ഓഫിസില്‍ ശീമാട്ടിയുടെ ഉടമ നേരിട്ടെത്തി നിരവധിതവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

എന്നാല്‍, ഇതെല്ലാം അട്ടിമറിക്കുന്നതാണ് നിലവിലെ നീക്കം. ബാനര്‍ജി റോഡില്‍നിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 32 സെന്‍റ് ഭൂമിയാണ് ശീമാട്ടിയുടേതായി മെട്രോക്ക് വേണ്ടത്. ആലുവ എം.ജി റോഡ് പാതയില്‍ മെട്രോക്ക് ഏറ്റെടുക്കാത്ത ഏക സ്ഥലവും ഇതാണ്. സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.

ഭൂമി ഏറ്റെടുത്ത് നല്‍കുക മാത്രമാണ് തങ്ങളുടെ ചുമതല. നിര്‍മ്മാണത്തിന്‍െറ ഭാഗമായി ധാരണാപത്രങ്ങള്‍ തയാറാക്കുന്നത് കെ.എം.ആര്‍.എല്‍ ആണെന്നും ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും. ധാരണാപത്രം അനുസരിച്ച് നിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോകുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചാല്‍ ഏറ്റെടുക്കാനുള്ള ഭൂമിയുടെ പട്ടികയില്‍നിന്ന് ശീമാട്ടിയുടെ ഭൂമി ഒഴിവാക്കുമെന്നും കൊച്ചി മെട്രോ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ശോഭന പറഞ്ഞു.