നികേഷ്‌കുമാറിന് എതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇരട്ടനീതിയെന്ന് പിണറായി വിജയന്‍

single-img
23 March 2015

TH30_PINARAYI_VIJAY_516498f

കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുമ്പോള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിനു കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ആണെന്ന് പിണറായി വിജയന്‍.

കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യത്തെ ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. 2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയതെന്നും പിണറായി പറഞ്ഞു.

എന്നാല്‍ മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ലെന്നും അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗവും ഇരട്ട നീതിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രമുഖ മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസർക്കാരിന് കീഴിലെ സെൻട്രൽ എക്സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ആണ്.
കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സർക്കാർ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ രാജ്യത്തെ കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്
മുൻപ് കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിനിർത്തിയ അനുഭവമുണ്ട് .
2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്.
മാധ്യമ സ്ഥാപനം ആയാൽ നികുതി അടയ്ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നൽകുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയിൽ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാൻ കഴിയൂ.
ഒരു സമൂഹത്തിൽ ഇരട്ടനീതി പാടില്ല. സേവന നികുതി കുടിശ്ശികയുടെ പേരിൽ മാധ്യമ സ്ഥാപനങ്ങളുടെയും പ്രവർത്തകരുടെയും ഉത്തരവാദിത്തനിർവഹണം തടസ്സപ്പെടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.