ഭൂമി ഏറ്റെടുക്കല്‍ ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ ഹാജരില്ലാതിരുന്ന 20 എം.പിമാരെ ബി.ജെ.പി യോഗത്തില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി

single-img
18 March 2015

bjpparlboard-ss-18-07-13ഭൂമി ഏറ്റെടുക്കല്‍ ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ ഹാജരില്ലാതിരുന്ന 20 ബിജെപി എംപിമാരെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എഴുന്നേല്‍പിച്ചു നിര്‍ത്തി. ശത്രുഘ്‌നന്‍ സിന്‍ഹ, വരുണ്‍ ഗാന്ധി, പൂനം മഹാജന്‍ എന്നിവരടക്കമുള്ള എം.പിമാരാണ് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്റെ ശിക്ഷയ്ക്ക് പാത്രമായത്.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെങ്കയ്യ നായിഡു എംപിമാരെ ഓരോരുത്തരെയായി പേരു വിളിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യക്ഷനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.പിമാരുടെ ശിക്ഷ നടപ്പാക്കിയത്.

ശാസിച്ച വിവരം മാധ്യമങ്ങളോടു പറയരുതെന്നു വെങ്കയ്യ നായിഡു ചട്ടം കെട്ടിയെങ്കിലും സംഭവം പുറത്തായി. ബജറ്റ് ചര്‍ച്ചയും സുപ്രധാന ബില്ലുകളും പരിഗണിച്ച് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും നിര്‍ണായകമായ ഭൂമി ഏറ്റെടുക്കല്‍ ബില്‍ വോട്ടെടുപ്പില്‍ 20 എംപിമാര്‍ ഹാജരാകാതിരുന്നത് പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി.