ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്തുവെച്ച് പൂര്‍ണ്ണമായും തീപിടിച്ച വയ്‌ക്കോല്‍ ലോറി ഡ്രൈവര്‍ സുദേവന്‍ അരകിലോമീറ്ററോളം ഓടിച്ച് കുളത്തിലിറക്കി അപകടം ഒഴിവാക്കി

single-img
16 March 2015

Lori

തന്റെ മരണം മുന്നില്‍കണ്ടിട്ടും സുദേവന്‍ ഡ്രൈവറുടെ സീറ്റില്‍ നിന്നും മാറിയില്ല. കാരണം സുദേവനറിയാമായിരുന്നു തന്റെ കയ്യിലിരിക്കുന്ന ചക്രങ്ങളിലാണ് നൂറോളം കുടുംബങ്ങളുടെ ജീവിതമെന്ന്. സുദേവന്റെ മനസ്സാന്നിദ്ധ്യം കാരണം രക്ഷപ്പെട്ടത് ഗ്രാമപ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങളും അവരുടെ ഭവനങ്ങളുമാണ്.

ഓട്ടത്തിനിടയില്‍ തീപിടിച്ച വയ്‌ക്കോല്‍ ലോറി ജീവന്‍ പണയപ്പെടുത്തി അര കിലോമീറ്റര്‍ ഓടിച്ചാണ് സുമദവന്‍ കുളത്തിലിറക്കിയത്. മിനിലോറി പൂര്‍ണമായും കത്തി നശിച്ചപ്പോള്‍ ലോറി ഡ്രൈവര്‍ കുത്തനൂര്‍ മലഞ്ചിറ്റി കടയ്ക്കാംപൊറ്റയില്‍ സുദേവന് (53) മുഖത്തും കൈകളിലും പൊള്ളലേറ്റു.

ഇളന്നിരക്കോടിനു സമീപത്തായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തൃശൂര്‍ പാമ്പാടിയിലേക്കു കുഴല്‍മന്ദത്തെ കൃഷിയിടത്തില്‍ നിന്നു ശേഖരിച്ച വയ്‌ക്കോല്‍ മിനിലോറിയില്‍ കയറ്റി പോകുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. വയ്‌ക്കോലയാതിനാല്‍ പെട്ടെന്നുതന്നെ തീപടര്‍ന്നു. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമപ്രദേശവും ഇടുങ്ങിയ റോഡുമായതില്‍ വാഹനം നിര്‍ത്തുന്നതു കൂടുതല്‍ അപകടത്തിനിടയാക്കുമെന്ന് സുമദവന്‍ മനസ്സിലാക്കി.

തുറസ്സായ സ്ഥലത്തേക്കു ലോറി മാറ്റാനായിരുന്നു സുദേവന്‍ ശ്രമിച്ചത്. പാലക്കാട് അഗ്നിശമനസേനയിലെ ഫയര്‍മാനും മഞ്ഞടിയിലെ താമസക്കാരനുമായ കാളോട് വീട്ടില്‍ വി. കണ്ണദാസ് ഇതിനിടെ സ്ഥലത്തെത്തുകയും മലാറി കുടളത്തലിറക്കി അപകടം ഒഴവാക്കാമെന്ന ധാരണയില്‍ ലോറിക്ക് വഴികാട്ടിക്കൊണ്ട് കുളത്തിലേക്ക് ലോറിക്ക് മുമ്പേ ഓടുകയുമായിരുന്നു.

ഓട്ടത്തിനിടെ കണ്ണദാസ് പാലക്കാട്, ആലത്തൂര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചതനുസരിച്ച് അവരും സ്ഥലത്തേക്ക് തിരിച്ചു. അപ്പോഴേക്കും ഡ്രൈവര്‍ അരകിലോ മീറ്റര്‍ ഓടിച്ച് ലോറി സുരക്ഷിതമായി പൊറാട്ടുകുളത്തില്‍ ഇറക്കി. അതിനുശേഷം ലോറിയില്‍ നിന്നു പുറത്തുകടക്കുന്നതിനിടെ സുദേവനു പൊള്ളലേല്‍ക്കുകയായിരുന്നു. അതിനുശേഷം ഡീസല്‍ ടാങ്കിലും നാലു ടയറുകളിലും തീപടര്‍ന്നു ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു. ലോറി കുളത്തിയലിറക്കാനായി ഓടുന്നതിനിടെ റോഡില്‍ വീണ വയ്‌ക്കോലിലെ തീ സമീപവാസികളും അഗ്നിശമന സേനയും ചേര്‍ന്നു കെടുത്തി. ഡ്രൈവര്‍ സുദേവന്‍ ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്.

വയ്‌ക്കോലുമായുള്ള ഓട്ടത്തിനിടെ വൈദ്യുതി ലൈനില്‍ നിന്നാണു തീ പടര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം. അപകടത്തില്‍ ഏകദേശം അഞ്ചു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു.