ഡി.ജി.പിയെ സംബന്ധിച്ച ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല; ജോര്‍ജ്ജ് തെളിവ് കൈമാറിയാല്‍ പരിശോധിക്കും: തന്റെ തെളിവുകള്‍ കണ്ടാല്‍ ആഭ്യന്തരമന്ത്രി വാപൊളിച്ചിരിക്കുമെന്ന് പി.സി ജോര്‍ജ്

single-img
5 March 2015

Ramesh-Chennithala232

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു. ഡി.ജി.പി ബാലസുബ്രഹ്മണ്യത്തെ പൂര്‍ണ വിശ്വാസമാണെന്നും ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡി.ജി.പി ഇതുവരെ ഒരു ആരോപണവും കേട്ടിട്ടില്ലാത്ത ആളാണ്. അദ്ദേഹത്തോട് തൃശൂരില്‍ പോകണമെന്നു പറഞ്ഞത് താനാണ്. കേസില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. അന്വേഷണം ശരിയായ രീതിയില്‍ത്തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രതിക്ക് ഒരു ആനുകൂല്യവും ലഭിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി

പ്രതിയെ രക്ഷിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. ചീഫ് വിപ്പ് തെളിവു കൈമാറിയാല്‍ പരിശോധിക്കും. കേസില്‍ അനധികൃതമായി ഇടപെട്ടിട്ടില്ലെന്നു ഡി.ജി.പി വിശദീകരിച്ചിട്ടുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം നഷ്ടപ്പെട്ടതു പൊലീസിന്റെ പക്കല്‍ നിന്നല്ല. കാപ്പ ചുമത്തുന്നകാര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ കാപ്പ ചുമത്താനാകൂ. നിസാമിനു കോടതി ജാമ്യം നല്‍കിയാല്‍ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കും.

എന്നാല്‍ ബാലസുബ്രഹ്മണ്യത്തിനെതിരായ തെളിവുകള്‍ താന്‍ ഹാജരാക്കി കഴിയുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാപൊളിച്ചിരിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പ്രതികരിച്ചു. ഡിജിപിയുടെ കുറിപ്പ് കിട്ടിയ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.