ഓര്‍മ്മയുണ്ടോ ഈ മുഖം; സീരിയലിനെ കൈവിടാതെ മധു മോഹന്‍

single-img
5 March 2015

mohan‘മധു മോഹന്‍’. മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ പതിഞ്ഞ പേര്. ഒരുകാലത്ത് സീരിയലുകളിലൂടെ വീടുകളിലെ സ്വീകരണമുറിയെ സമ്പന്നമാക്കിയ മനുഷ്യന്‍.  മാനസി, സ്‌നേഹ സീമ തുടങ്ങി ഒരു പിടി മെഗാപരാമ്പരകള്‍ മലയാളിക്ക് സമ്മാനിച്ച  പ്രതിഭാശാലി. മലയാളത്തിലെ മെഗാസീരിയലിന്റെ പിതാവ്- സാക്ഷാല്‍ മധുമോഹന്‍ ഇപ്പോള്‍ തമിഴകത്ത് എം.ജി ആറിന്റെ വീട്ടിലാണ് താമസമെന്ന് പറഞ്ഞാല്‍ ആരുമൊന്ന് അത്ഭുതപ്പെടും.  മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ ‘മാനസി’യിലൂടെ മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തിയാണ് മധു മോഹന്‍. ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത മാനസി, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മെഗാസീരിയല്‍ എന്താണെന്ന് മനസിലാക്കി കൊടുത്തത്.

ഇവയ്ക്കു പുറമേ രണ്ട് സ്വകാര്യ ചാനലുകളിലായി മൂന്ന് സീരിയലുകള്‍ കൂടി ചെയ്തു. ഉദ്യോഗസ്ഥ, എം.ടി കഥകള്‍, കൃഷ്ണകൃപാസാഗരം എന്നിവയായിരുന്നു അത്. പക്ഷെ പിന്നീട് വിവിധ കാരണങ്ങള്‍ കാരണം അദ്ദേഹം സീരിയല്‍ രംഗം വിട്ടു. ചെന്നൈയിലിരുന്നിട്ട് മലയാളം ചാനലിനു വേണ്ടി സ്ഥിരമായി സീരിയല്‍ ചെയ്യുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ട് മൂലം സീരിയലുകളെ അദ്ദേഹം ഉപേക്ഷിച്ചു എന്ന് പറയുന്നതാകും ശരി.

മധുമോഹന് അഭിനയത്തോടുള്ള താല്‍പ്പര്യം സ്‌ക്കൂള്‍ പഠനകാലത്ത് തന്നെ തുടങ്ങിയതാണ്. സക്ൂള്‍ പഠനകാലത്ത് തന്നെ അംഗീകാരങ്ങളും തേടിയെത്തിക്കൊണ്ടിരുന്നു. ഇത് കോളജ് കാലത്ത് നാടകങ്ങളില്‍ അഭിനയിക്കാനുള്ള പ്രചോദനമായി.  പ്രീഡിഗ്രി പഠിച്ചത് പാലക്കാട് വിക്‌ടോറിയ കോളജിലായിരുന്നു. അവിടെ വെച്ച് ഒരു നാടകത്തില്‍ സ്ത്രീ വേഷം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു.പ്രീഡിഗ്രി കഴിഞ്ഞതോടെ ജോലി കിട്ടി സഹോദരിയുടെ ഭര്‍ത്താവിന്റെയൊപ്പം ഫരീദാബാദില്‍ പോയി. അവിടെ ചെന്നിട്ടും കലയോടുള്ള താല്‍പ്പര്യത്തിന് കുറവില്ലായിരുന്നു.

ഫരീദാബാദ് മലയാളി അസോസിയേഷന്റെ കലാപരിപാടികളില്‍ സജീവമായിരുന്നു. ഫരീദാബാദില്‍ നിന്ന് ടെല്‍ക്കോയില്‍ ജോലി കിട്ടി ഡല്‍ഹിയ്ക്ക് പോയി. ഡല്‍ഹിയില്‍ ടാറ്റാ എന്‍ജിനിയറിങ്ങ് ആന്‍ഡ് ലോകോമോട്ടീവ് കമ്പനിയില്‍ ജോലി ചെയ്യുന്ന അവസരത്തിലാിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ടെല്‍ക്കോയിലെ ഉദ്യോഗം രാജി വെച്ച് ചെന്നൈ അശോക് ലെയ്‌ലാന്‍ഡില്‍ ചേര്‍ന്നു അവിടെവെച്ചാണ് ഒരു പ്രോഫഷണല്‍ നാടകകമ്പനി ജെ. ആര്‍ സ്റ്റേജ് ക്രിയേഷന്‍ ആരംഭിയ്ക്കുന്നത്.

ജെ.ആര്‍ ക്രിയേഷന്റെ ബനറില്‍ പുറത്തിറക്കിയ വീട്ടോടു മാപ്പിളൈ നാടകം സര്‍ക്കാരിന്റെ പരിപാടികളില്‍ ഉള്‍പ്പടെയുള്ള നിരവിധി അരങ്ങുകളില്‍ കളിച്ചിട്ടുണ്ട്. പ്രശംസയും അവാര്‍ഡുകളും ഒരുപാട് നേടിയ നാടകമായിരുന്നു അത്. പിന്നീട് നാടകത്തില്‍ നിന്ന് സീരിയലിലേയ്ക്ക് ചുവടുവെച്ചു. അരങ്ങേറ്റം തമിഴിലായിരുന്നു. പ്രശസ്ത നടന്‍ എ.വി.രാഘവന്‍ സംവിധാനം ചെയ്ത നഗയീ ഉന്നക്കൊരു നമസ്‌ക്കാരമായിരുന്നു ആദ്യ സീരിയല്‍. അതിന്റെ തുടര്‍ച്ചയായി നിരവധി തമിഴ് സീരിയലുകള്‍ ചെയ്തു.

ജോലി ഉപേക്ഷിച്ച് സീരിയലില്‍ സജീവമായ അവസരത്തിലാണ് മലയാളത്തില്‍ സീരിയല്‍ നിര്‍മ്മിക്കുന്നുതിനെക്കുറിച്ച് ചിന്തിക്കുന്നത്. ദൂരദര്‍ശന്‍ ആരംഭിച്ച സമയമായിരുന്നു അത്. സീരിയല്‍ രംഗത്തെ മുന്‍പരിചയം ദൂരദര്‍ശനില്‍ സീരിയല്‍ നിര്‍മ്മിക്കാനുള്ള അനുമതിയ്ക്ക് സഹായകമായി. അങ്ങനെയാണ് മലയാള സീരിയല്‍ രംഗത്തേക്ക് കടന്ന് വരുന്നത്.
സീരിയല്‍ ജീവിതത്തിലെ മറക്കാനാവാത്ത നിരവധി ഓര്‍മ്മകളുണ്ടായിട്ടുണ്ട്.

ഒരു കുടുംബത്തെ പോലെയാണ് ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. നിര്‍മ്മാതാവെന്ന നിലയില്‍ സീരിയലില്‍ നിന്ന് കിട്ടുന്ന ലാഭവിഹിതം ടീം അംഗങ്ങള്‍ വീതിച്ചുകൊടുക്കാറാണ് പതിവ്. സ്‌നേഹസീമയില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ട് ആ കാലത്ത് ടീം അംഗങ്ങള്‍ക്കെല്ലാം സ്വര്‍ണ്ണചെയിന്‍ വാങ്ങിക്കൊടുക്കാന്‍ പറ്റിയതും സീരിയല്‍ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ്. ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് ഒരു ഇലക്ട്രീഷ്യനും ലൈറ്റ്‌ബോയിക്കും വൈദ്യുതാഘാതമേറ്റിരുന്നു.

ദൈവകൃപയാല്‍ അപകടങ്ങളൊന്നുമില്ലാതെ അവര്‍ രക്ഷപ്പെട്ടത് മറക്കാനാവില്ല. ഒപ്പം മാനസിയെ മലയാള ടെലിവിഷന്‍ രംഗത്തെ വിപ്ലവം എന്ന് തന്നെ വിളിയ്ക്കാം. ആഴ്ച്ചയില്‍ രണ്ട് എപ്പിസോഡ് എന്നായിരുന്നു ആദ്യം നിശ്ചയിച്ചത്. അതിന് അനുവദിച്ച സമയം വൈകുന്നേരം അഞ്ചര മണിയായിരുന്നു.

ആ കാലത്ത് പ്രൈം ടൈം എന്ന് പറയുന്നത് രണ്ടര മണിവരെയായിരുന്നു. ആരും രണ്ടു മണി കഴിഞ്ഞ് ഒരു പരിപാടിയും സംപ്രേഷണം ചെയ്യാന്‍ ധൈര്യപ്പെടാത്ത കാലത്താണ് മാനസി  അഞ്ചരയ്ക്ക് ഇറക്കി ഞാന്‍ വിജയിപ്പിച്ചത്. മാനസി ദൂരദര്‍ശന്റെ ചരിത്രത്തിലെ തന്നെ വന്‍ വിജയമായിരുന്നു. 240 എപ്പിസോഡുകളിലായി മൂന്ന് വര്‍ഷമാണ് മാനസി സംപ്രേഷണം ചെയ്തത്.  ജീവനുള്ളിടത്തോളം കാലം സീരിയല്‍ രംഗവുമായി പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം.

മലയാളം ചാനലുകള്‍ക്ക് വേണ്ടി സീരിയല്‍ നിര്‍മ്മിക്കാന്‍  സന്തോഷമാണെന്നും മധു മോഹന്‍ പറയുന്നു. ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ്.  സീരിയല്‍ നിര്‍മ്മാണം നിര്‍ത്തിയിട്ട് മൂന്ന് വര്‍ഷമായി. പക്ഷെ തമിഴ് സീരിയലുകളില്‍ ഇപ്പോഴും സജീവമാണ്. സണ്‍ ടീവിയില്‍: ‘തെന്‍ട്രലല്‍, ഇളവരശി, മുന്താണി മുടിച്ച്, മുത്താരം,  സീ തമിഴില്‍ ‘പുകുന്ദവീട്, ജയ ടീവിയില്‍ ‘ ദൈവീകം എന്നീ സീരിയലുകളില്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്നു. ജയ ടീവിയിലെ തായ് വീട്, സീതമിഴിലെ ഗായത്രി, സണ്‍ ടീവിയിലെ ശക്തി എന്നിവയാണ് ഭാവിയില്‍ ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.