ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ സംഘത്തിന്റെ തലവൻ പോലീസ് പിടിയിൽ

single-img
5 March 2015

arrested-medതിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സംഘത്തിന്റെ തലവനെ സൈബര്‍ പോലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശി സെസ്റ്റസ് ചെക്കുവിനെയാണ് കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഡെബിലിക്ക് സമീപത്തെ കൃഷ്ണാപാര്‍ക്കില്‍നിന്ന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. പണം പിന്‍വലിക്കുന്നതിന്റെ എ.ടി.എം ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

മണിപ്പുരി സ്വദേശിയായ സ്ത്രീയെ വിവാഹം കഴിച്ച ചെക്കു ഏറെക്കാലമായി ഇന്ത്യയില്‍ തങ്ങുകയാണെന്ന് പോലീസ് അറിയിച്ചു. നാലു നൈജീരിയക്കാരെയും ഇവര്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കിയ ഇന്ത്യക്കാരനെയുമാണ് കഴിഞ്ഞമാസം സൈബര്‍ പോലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടിയത്. തുടരന്വേഷണത്തിലാണ് സംഘത്തലവന്‍ കുടുങ്ങിയത്.കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്നതിന് ഇന്ത്യയില്‍ പണിയുന്ന ആശുപത്രിക്കു വേണ്ടിയുള്ള സംഭാവനയെന്ന പേരില്‍ എസ്.എം.എസ് അയച്ചാണ് ഇവര്‍ തട്ടിപ്പുനടത്തിയത്.

തിരുമല സ്വദേശിനിയിൽ നിന്നും 2.75 ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പാവങ്ങള്‍ക്കുള്ള ആശുപത്രി പണിയാന്‍ ഫണ്ട് നല്‍കണമെന്നഭ്യര്‍ഥിച്ച് തട്ടിപ്പുസംഘം വ്യാജ സിമ്മുകളില്‍ നിന്നും എസ്.എം.എസ് അയയ്ക്കും.  തുടര്‍ന്ന് ജനിഫര്‍ എന്ന സ്ത്രീ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

2014 ഒക്ടോബര്‍ 29 മുതല്‍ 31 വരെ മൂന്ന് ഘട്ടങ്ങളിലായി 2.75 ലക്ഷം അക്കൗണ്ടിലൂടെ കൈമാറി. പണം കൈപ്പറ്റിയതിന് രസീതോ മറ്റുരേഖകളോ നല്‍കിയില്ല. തിരികെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമില്ലായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.  പണം കൈമാറാന്‍ മണിപ്പുരിലെ ബാങ്ക് അക്കൗണ്ട് നമ്പരുകളാണ് നല്‍കിയിരുന്നത്. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുത്ത് എത്തിച്ച പ്രതിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.