ഇന്ത്യാവിഷനിൽ റെയ്ഡ്;റെസിഡന്റ് ഡയറക്ടർ അറസ്റ്റിൽ

single-img
5 March 2015

Indiavisionകൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ റസിഡന്റ് ഡയറക്ടറെ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷമായി സേവനനികുതി കുടിശിക അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് റസിഡന്റ് ഡയറക്ടർ ജമാലുദ്ദീന്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസില്‍ നടത്തിയ പരിശോധനക്ക് ശേഷം വൈകീട്ടാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2013 ഏപ്രിലിന് ശേഷം ഇന്ത്യാവിഷന്‍ സേവന നികുതി അടച്ചിട്ടില്ലെന്നും കഴിഞ്ഞ ജനുവരി വരെ 2.6 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും സെന്‍ട്രല്‍ എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസ് ജപ്തി ചെയ്യാനുള്ള നടപടികൾ സെന്‍ട്രല്‍ എക്‌സൈസ് ആരംഭിച്ചതായി പറയപ്പെടുന്നു. ഇന്ത്യാവിഷന്‍ ഓഫീസില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്യേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കി. സാധനങ്ങളൊന്നും ഓഫീസില്‍ നിന്ന് പുറത്തുകൊണ്ടു പോകരുതെന്ന് നിര്‍ദശം നല്‍കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംപ്രേഷണം നിലച്ചിരിക്കുന്ന ചാനലിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഫെബ്രുവരി 26ന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്നാണ് മാനേജ്‌മെന്റ് ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലതതിനാൽ ജീവനക്കാര്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ്. ചാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ജീവനക്കാര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.