കതിരൂർ മനോജ് വധം; 13 പ്രതികൾ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി

single-img
5 March 2015

manojതലശ്ശേരി: കതിരൂരിലെ ആര്‍.എസ്.എസ് നേതാവ് മനോജിനെ (42) കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ 13 പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി. കേസില്‍ 19 പ്രതികളാണ് പിടിയിലായത്. അതില്‍ ഒന്നാംപ്രതിയുള്‍പ്പെടെ മൂന്നുപ്രതികള്‍ നേരത്തേ ജാമ്യഹര്‍ജി നല്‍കിയെങ്കിലും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം നല്‍കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണാ നടപടികളെ ബാധിക്കുമെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു.

ഇതിനെ തുടര്‍ന്നാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി. ഇതോടെ വിചാരണക്കു മുന്‍പ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. യു.എ.പി.എ ചുമത്തിയ കേസുകളില്‍ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസങ്ങള്‍ക്കുളളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ തീരും വരെ പ്രതികള്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാനാവില്ല.

യുഎപിഎ നിയമം ചുമത്തിയ കേസില്‍ വിചാരണക്കു മുന്‍പെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനായി ഉടന്‍ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ സംഘം. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 19 പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്.