ഐഎസ് നിയന്ത്രണത്തിലുള്ള തിക്രിത് തിരിച്ചുപിടിക്കാനുള്ള ഇറാക്കി സൈനികരുടെയും ഷിയാ പോരാളികളുടെയും സംയുക്ത നീക്കത്തില്‍ ആയിരത്തോളം ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഇറാക്കില്‍ ഐഎസ് പിടിയിലായ തിക്രിത് നഗരം തിരിച്ചുപിടിക്കാന്‍ ഇറാക്കിസൈന്യവും ഷിയാപോരാളികളും ആരംഭിച്ച യുദ്ധത്തില്‍ ആയിരത്തോളം ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സേനയുടെ മുന്നേറ്റത്തില്‍ ഇന്നലെ ഒട്ടേറെ പ്രദേശങ്ങള്‍ പിടിച്ചു.
തീവ്രവാദികള്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകളും ചാവേര്‍ ആക്രമണങ്ങളും സൈനിക നീക്കത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ കാരണം ഇതുവരെ തിക്രിത്തില്‍ പ്രവേശിക്കാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടില്ല.
വിവിധ ദിശകളില്‍ക്കൂടി മുന്നേറുന്ന സൈന്യം നഗരത്തെ ഏകദേശം ഉപരോധിച്ചിട്ടുണ്ട്. ഇതിനിടെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനായി ഇറാന് വിപ്ളവഗാര്‍ഡുകളുടെ നേതാവ് സൊലൈമാനി യുദ്ധരംഗത്തെത്തിയത് സൈനിക മുന്നേറ്റത്തിന് ഉന്മേഷം പകര്‍ന്നിട്ടുണ്ട്. രണ്ടുദിവസം മുമ്പ് ഐഎസില്‍നിന്നും തിരിച്ചുപിടിച്ച അബു റയാഷ് ഗ്രാമത്തില്‍ താമസിച്ചാണ് അദ്ദേഹം ഐഎസിനെതിരെയുള്ള സൈനിക നീക്കത്തിന് നേതൃത്വം നല്‍കുന്നത്.