കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
3 March 2015

ummanchandi1തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി തനിക്ക് ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ അദ്ദേഹം പെടുത്തുമെന്നും നിതിന്‍ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി.

വല്ലാര്‍പ്പാടം പദ്ധതിക്ക് നല്‍കിയ ഇളവിന് സമാനമായ ഇളവായിരിക്കും വിഴിഞ്ഞം പദ്ധതിക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ താത്പര്യം കാണിച്ച അദാനി ഗ്രൂപ്പ് അടക്കമുള്ള അഞ്ച് കമ്പനികളുമായി മുംബൈയില്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശകപ്പലുകളില്‍ നിന്ന് ചരക്ക് നേരിട്ട് തുറമുഖത്തെത്തിക്കുന്നത് വിലക്കുന്ന നിയമമാണ് കബോട്ടാഷ്. പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന വിദേശ കപ്പലുകളില്‍ നിന്ന് ഇന്ത്യന്‍ പതാക വഹിച്ച ചെറുകപ്പലുകളില്‍ ചരക്ക് ടെര്‍മിനലില്‍ എത്തിക്കണമെന്നാണ് കബോട്ടാഷ് നിയമം അനുശാസിക്കുന്നത്.

ഈ നിയമത്തില്‍ ഇളവ് ലഭിക്കാത്തതിനാല്‍ പദ്ധതിക്കുള്ള ടെന്‍ഡറുകളില്‍ നിന്ന് കമ്പനികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇളവ് ലഭിക്കാത്തതിനാലാണ് ടെന്‍ഡറുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.