തിക്രീത് ഐസിസിൽ നിന്നും തിരിച്ചുപിടിക്കാൻ ഇറാഖി സേന ശക്തമായ നടപടി ആരംഭിച്ചു

single-img
3 March 2015

iraqബഗ്ദാദ്: തൂക്കിലേറ്റിയ മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍െറ ജന്മനഗരമായ തിക്രീത് ഐസിസിൽ നിന്നും തിരിച്ചുപിടിക്കുന്നതിനായി ഇറാഖി സേന  ശക്തമായ  നടപടികൾ  തുടങ്ങി. ഇറാക്കി പോർവിമാനങ്ങൾക്കൊപ്പം ശിയ സൈനികരുടേയും സായുധരായ ഗോത്രവര്‍ഗ സുന്നികളുടേയും പിന്തുണയോടെ സംയുക്തമായാണ് സൈനിക നീക്കമെന്ന് അറിയിച്ചു.

ബാഗ്ദാദിൽ നിന്ന് 150 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന തിക്രിത് കഴിഞ്ഞ ജൂണിലാണ് ഐസിസ് പിടിച്ചെടുത്തത്. ഐസിസിന് എതിരായ പ്രധാന സൈനിക നീക്കമാണിതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ആബാദി പറഞ്ഞു. സലാഹുദ്ദീന്‍ ഗവര്‍ണറേറ്റിലുള്‍പ്പെട്ട തിക്രീത്, സാമര്‍റ, ദുലൂഇയ, ബലദ്, ദുജൈല്‍, അലം, ദൂര്‍ എന്നീ നഗരങ്ങള്‍ മോചിപ്പിക്കുകയാണ് ലക്ഷ്യം. നഗരത്തിന് പുറത്തുള്ള സലാഹുദ്ദീൻ പ്രദേശത്തെ ചില ഭാഗങ്ങളിൽ നിന്ന്  ഐസിസിന് പിന്മാറേണ്ടി വന്നതായി അൽ ഇറാക്കിയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

30,000ത്തോളം വരുന്ന സൈന്യം തിങ്കളാഴ്ച പുലര്‍ച്ചെ തിക്രീതിന്‍െറ വടക്ക്, തെക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ നിലയുറപ്പിച്ച് ആക്രമണം തുടങ്ങിയിട്ടുണ്ട്.  35 പേര്‍ക്ക് പരിക്കേറ്റതായും അവര്‍ അറിയിച്ചു. ഐസിസ് ശക്തികേന്ദ്രമായ മൂസില്‍ തിരിച്ചുപിടിക്കണമെങ്കില്‍, തന്ത്രപ്രധാനമായ തിക്രീതില്‍ ഇറാഖി സേനക്ക് താവളമുറപ്പിക്കേണ്ടതുണ്ട്. അതിനാല്‍ തിക്രീത് തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇറാഖി സേനക്ക് നിര്‍ണായകമാണ്.