ശബരിമലയെ ദേശിയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍

single-img
3 March 2015

sabarimalaന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രചരണം പൊളിയുന്നു. ശബരിമലയെ ദേശിയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമല്ല. ഇത് ദേശീയ പ്രധാന്യമുള്ള കേന്ദ്രമല്ലെന്നും കൊടുക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി അറിയിച്ചു. ശബരിമല ദേശിയ സ്‌മാരകമോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള സ്‌ഥാപനമോ അല്ലെന്നും ശബരിമല മാസ്‌റ്റര്‍ പ്ലാനിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കേന്ദ്രമന്ത്രി മഹേഷ്‌ ശര്‍മ വ്യക്‌തമാക്കി.

കേരളത്തിന്റെ നിരന്തര ആവശ്യമാണ്‌ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്‌. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഈ കാര്യം നിരവധി തവണ നിവേദനമായി സമര്‍പ്പിച്ചിരുന്നു. നേരത്തെ ശബരിമലയെ ദേശിയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. പുല്ലുമേട്‌ ദുരന്തകാലത്തു കുമളിയിലെത്തിയ സുഷമാ സ്വരാജ്‌ ഇക്കാര്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മണ്ഡല കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശബരിമലയില്‍ എത്തിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. മോദിയെ ശബരിമലയില്‍ എത്തിക്കുകയും അവിടെ വെച്ച് ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിപ്പിക്കുകയും ആയിരുന്നു ലക്ഷ്യം. എന്നാൽ മോദി ഈ ആവശ്യം നിരാകരിച്ചതായി പറയപ്പെടുന്നു.