അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് വിട്ടുനല്‍കണം- പി.ഡി.പി എം.എല്‍.എ.മാര്‍

single-img
3 March 2015

afsalജമ്മു: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് നല്‍കണമെന്ന ആവശ്യവുമായി  പി.ഡി.പി എം.എല്‍.എ.മാര്‍ രംഗത്ത്. ഇതോടെ കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍ അധികാരമേറ്റ പി.ഡി.പി.-ബി.ജെ.പി സര്‍ക്കാർ വെട്ടിലായി. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടാംദിവസം നടന്ന ഈ അപ്രതീക്ഷിതനീക്കം സഖ്യകക്ഷിയായ ബി.ജെ.പിക്ക് ക്ഷീണമായി.

ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും എട്ട് എം.എല്‍.എ.മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ നീതിന്യായവ്യവസ്ഥ പരിഹസിക്കപ്പെട്ടുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്ഥാനും വിഘടനവാദികളും അനുകൂലസാഹചര്യമൊരുക്കിയെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനയ്ക്കുപിന്നാലെയാണ് പി.ഡി.പി നിയമസഭാംഗങ്ങളുടെ വിവാദപ്രസ്താവന പുറത്തിറങ്ങിയത്.

2003-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ കഴിഞ്ഞവര്‍ഷം ഫിബ്രവരി ഒമ്പതിനാണ് ന്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ ജഗീര്‍ ഘട്ട് ജമ്മു കശ്മീര്‍ നിയമസഭാതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.