പുതിയ എഴുത്തുകാര്‍ വന്നേ മതിയാകൂ.തിരക്കഥാ ക്ഷാമം പരിഹരിക്കാന്‍ ഫെഫ്കയും 

single-img
3 March 2015

Fefka271012_mതിരക്കഥാ ക്ഷാമം പരിഹരിക്കാന്‍ ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. മികച്ച എഴുത്തുകാരെ കണ്ടെത്താനും അവര്‍ക്ക് സിനിമയില്‍ അവസരമൊരുക്കാനും തിരക്കഥാമത്സരം നടത്താനൊരുങ്ങുകയാണ് ഫെഫ്ക. മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ടി ദാമോദരന്‍ മാസ്റ്ററിനുള്ള സ്മരണാഞ്ജലിയാണ്, ഫെഫ്ക്ക റൈറ്റേര്‍സ് യൂണിയന്‍ നവാഗതര്‍ക്കായി നടത്തുന്ന തിരകഥാമത്സരം. ഏറ്റവും മികച്ച തിരകഥ രചിക്കുന്നയാള്‍ക്ക് ടി ദാമോദരന്‍ മാസ്റ്റര്‍ സുവര്‍ണ്ണപുരസ്‌ക്കാര ഫലകവും ഒരു ലക്ഷം രൂപയും ലഭിക്കും. രണ്ടാമത്തെ മികച്ച തിരക്കഥ രചിക്കുന്നയാള്‍ക്ക് ടി ദാമോദരന്‍ മാസ്റ്റര്‍ രജതപുരസ്‌ക്കാര ഫലകവും അന്‍പതിനായിരം രൂപയുമാണ്. കൂടാതെ പുരസ്‌ക്കാരാര്‍ഹമായ തിരക്കഥകള്‍ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ പരിഗണനക്കായി, യൂണിയന്‍ നേരിട്ട് നല്‍കുന്നതുമാണ്.

 

മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ ചെയ്യേണ്ടത്: നിങ്ങളുടെ വിലാസം കൃത്യമായി രേഖപ്പെടുത്തിയ, സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷാ ഫോമിനും നിബന്ധനകള്‍ക്കുമായി, ജനറല്‍ സെക്രറ്ററി, ഫെഫ്ക്ക റൈറ്റേര്‍സ്സ് യൂണിയന്‍, ഫ്രീഡം റോഡ്, ദേശാഭിമാനിയ്ക്ക് സമീപം, കലൂര്‍, എറണാകുളം എന്ന വിലാസത്തില്‍ എഴുതുക. കൂടുതല്‍ വ്യക്തത വേണ്ടവര്‍ 04842408156, 2408005 എന്നീ നമ്പറുകളില്‍ രാവിലെ 9 30നും വൈകിട്ട് 5 30 ഇടയില്‍ ബന്ധപ്പെടുക.

 

അപേക്ഷാഫോം പൂരിപ്പിച്ചയക്കുന്നതിനോടൊപ്പം, തിരക്കഥയായി എഴുതാന്‍ ഉദ്ദേശിക്കുന്ന കഥയുടെ ഒരു സംക്ഷിപ്തരൂപവുംദൈര്‍ഘ്യം, രണ്ടു പേജുകളില്‍ കവിയരുത്. തിരകഥയുടെ ആദ്യത്തെ പത്തുസീനുകളുടെ ഉള്ളടക്കവും( സംഭാഷണം ഒഴിവാക്കാം) അയച്ചുതരണം. അതായത്, വായിക്കുന്ന ഏതൊരാള്‍ക്കും, നിങ്ങളുടെ മനസ്സിലുള്ള സിനിമ ആദ്യത്തെ പത്ത് രംഗങ്ങളില്‍ എങ്ങനെ ആഖ്യാനം ചെയ്യപ്പെടുന്നു എന്ന് മനസിലാക്കന്‍ കഴിയണം. ഈ കഥാരംഗ സംക്ഷിപ്തങ്ങള്‍, ഒരു പ്രാഥമിക ജൂറി വിലയിരുത്തുകയും, അവയില്‍നിന്ന്, പരമാവധി 20 രചയിതാക്കളെ അന്തിമഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കുകയും ചെയ്യും. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

 

തിരക്കഥാകൃത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമയിലേക്ക് കൈപിടിക്കുന്നതിനുമായുള്ള മത്സരത്തിന്റെ സാഹചര്യമുണ്ടാക്കുകയെന്നതാണ് ഉദേശിക്കുന്നത് . മികച്ച തിരക്കഥയോ സിനിമാ ആശയമോ കയ്യിലുള്ളയാള്‍ക്ക് അയാളുടെ സിനിമാസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഫെഫ്ക തിരക്കഥാമത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

 

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി, ഒരു ദിവസത്തെ പരിശീലന കളരി നടത്തും. മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുക്കള്‍, കളരിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, തെരെഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെ ആധാരമാക്കി, തിരകഥാരചനയുടെ സാങ്കേതിക പ്രായോഗിക വശങ്ങളെക്കുറിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. അന്തിമഫലം തീരുമാനിക്കുന്ന ജൂറിയുടെ ചെയര്‍മാന്‍, രണ്‍ജിപണിക്കര്‍ ആയിരിക്കും. സഞ്ജയ്‌യും,അഞ്ജലി മേനോനുമാണ് മറ്റ് ജൂറിയംഗങ്ങള്‍.