‘ആരുപറഞ്ഞു പ്രശ്‌നങ്ങളുണ്ടെന്ന് ‘ ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് യോഗേന്ദ്ര യാദവ്

single-img
2 March 2015

AAP_Yogendra_Yadav_presser_360_23Jan14ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകളെ തള്ളി മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്ന് യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. മഹത്തായ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ തരംതാണ രാഷ്ട്രീയം തങ്ങള്‍ക്കിടയില്‍ വരില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രശാന്ത് ഭൂഷണേയും എന്നേയും ചേര്‍ത്ത് പല കഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ചിരിയും സങ്കടവും തോന്നാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഭാവനാസമ്പന്നരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ തങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയില്‍ ഭിന്നത രൂക്ഷമാണെന്നും കെജ്‌രിവാള്‍ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങിയതായും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യോഗേന്ദ്ര യാദവ് രംഗത്തെത്തിയത്.