പാകിസ്ഥാനും ഭീകരര്‍ക്കും നന്ദിപറഞ്ഞ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദ്

single-img
2 March 2015

modi_mufti_759

സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താന്‍ അനുവദിച്ചതിനു പാക്കിസ്ഥാനും ഭീകരര്‍ക്കും നന്ദിപറഞ്ഞ് ജമ്മു-കാശ്മീര്‍ പുതിയ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് നടത്തിയ പ്രസ്താവന വിവാദമായി. പിഡിപി-ബിജെപി സഖ്യകക്ഷി മന്ത്രിസഭ അധികാരമേറ്റതിനു തൊട്ടുപിന്നാലെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

പാക്കിസ്ഥാനും ഭീകരര്‍ക്കും ഹുറിയത്ത് സംഘടനയ്ക്കുമാണ് സുരക്ഷിതമായ തെരഞ്ഞെടുപ്പു സംഘാടനത്തിനു നന്ദിപറയേണ്ടതെന്നാണ് മുഫ്തി മുഹമ്മദ് സയീദ് പറഞ്ഞത്. പാകിസ്ഥാനും ഭീകരരും എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്നും അഥവാ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ത്തന്നെ ദൈവം അതു തടയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു താന്‍ ഇക്കാര്യം സൂചിപ്പിച്ചതായും ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയ്ക്കു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും മികച്ച മറുപടിയാണ് ഉണ്ടായിരിക്കുന്നതെന്നു പറഞ്ഞ മുഫ്തി, അവരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും എടുത്തുപറഞ്ഞു. മുന്‍ വിമതനേതാവ് സജാദ് ഗനി ലോണിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. ഇത് ഒരു തുടക്കം മാത്രമാണെന്നും മറ്റു വിമതര്‍ക്കും ഈ മാതൃക പിന്തുടരാവുന്നതാണെന്നും മുഫ്തി പറഞ്ഞു.

പാക്കിസ്ഥാന്റെ കാരുണ്യത്തിലാണു കാഷ്മീരില്‍ തെരഞ്ഞെടുപ്പു നടന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ബിജെപി നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗശത്തത്തി. മുഫ്തിയുടെ പ്രസ്താവനയെ കടുത്ത ഭാഷയിലാണ് ഒമര്‍ വിമര്‍ശിച്ചിരിക്കുന്നത്.