കാലം മാറിയാലും മനുഷ്യന്റെ അന്ധവിശ്വാസം മാറില്ല; മന്ത്രവാദ ചികില്‍സയ്ക്കിടെ ആദിവാസി പെണ്‍കുട്ടി മരിച്ചു

single-img
1 March 2015
Manthravadam
കാലത്തിനൊപ്പം കോലം മാറുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ഇടുങ്ങിയ ചിന്താഗതി എന്നു മാറും. വയനാട്ടില്‍ മന്ത്രവാസ ചികിത്സയ്ക്കിടെ 14 കാരി രോഗം മൂര്‍ച്ഛിച്ച് മരിച്ചു. ബത്തേരി നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കുള്ളന്‍ലില്ലി ദമ്പതികളുടെ മകള്‍ ബീന(14) ആണ് അപസ്മാരത്തിന് മന്ത്രവാദ ചികില്‍സ നടത്തുന്നതിനിടെ മരിച്ചത്.
അപസ്മാര രോഗിയായ ബീന രണ്ടാഴ്ചക്കാലമായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം ശമിക്കാത്തതിനെ തുടര്‍ന്ന് ബീനയെ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് പോവാതെ കുടുംബം ബീനയെ ബത്തേരി കട്ടയാട് മണല്‍മൂല കോളനിയില്‍ എത്തിച്ച് മന്ത്രവാദ ചികില്‍സ നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ബീന മരണപ്പെട്ടത്. മന്ത്രവാദ ചികില്‍സയാണ് വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.