മതേതരത്വവാദിയായ ബംഗ്ലാദേശ് എഴുത്തുകാരന്‍ അവിജിത് റോയിയെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊന്നു

single-img
28 February 2015

Banglaധാക്കയില്‍ നടക്കുന്ന പുസ്തക പ്രദര്‍ശനത്തില്‍ പങ്കെടുത്ത് മടങ്ങവേ മതേതരത്വവാദിയായ ബംഗ്ലാദേശ് എഴുത്തുകാരന്‍ അവിജിത് റോയിയെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊന്നു. അവിജിത്ത ബംഗ്ലാദേശ് വംശജനും അമേരിക്ക പൗരനുമാണ്. ആക്രമണത്തില്‍ ബ്ലോഗറും 44കാരിയുമായ ഭാര്യയ്ക്കും ഗുരുതര പരിക്കുണ്ട്.

യുക്തിവാദിയായ അവിജിത് റോയുടെ പുസ്തകങ്ങളും ബ്ലോഗ് പോസ്റ്റുകളും ബംഗ്ലാദേശിലെ മതമൗലികവാദികളെ പ്രകോപിപ്പിക്കുകയും ഇതേത്തുടര്‍ന്ന് മതനിന്ദ ആരോപിച്ച് അവിജിതിന് നിരവധി തവണ വധഭീഷണികളും ലഭിച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന അവിജിത് തന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനും അമ്മയെ കാണുന്നതിനുമാണ് ബംഗ്ലാദേശിലെത്തിയത്. പുസ്തകപ്രദര്‍ശന സ്ഥലത്ത് നിന്ന് അടുത്തുള്ള കോഫി ഷോപ്പിലേക്ക് അക്രമികള്‍ വടിവാളുപയോഗിച്ച് അദ്ദേഹത്തെയും ഭാര്യയേയും ആക്രമിച്ചത്.

അന്‍സാര്‍ ബംഗല്‍ സെവന്‍ എന്ന പ്രദേശിക ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് മേധാവി സിറാജുല്‍ ഇസ്ലാം പറഞ്ഞു.ആരകമണത്തിന് ശേഷം അക്രമികള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. അക്രമത്തിനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അക്രമികളെ പിടികൂടാനാവശ്യപ്പെട്ടും അവിജിതിന് ആദരാഞ്ജലി അര്‍പ്പിച്ചും വിദ്യാര്‍ഥികള്‍ ധാക്കയില്‍ പ്രകടനം നടത്തി. അവിജിത്തിന്റെ ഘാതകരെ പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബംഗ്ലാദേശി ബ്ലോഗര്‍മാരുടെ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. അന്‍സാര്‍ ബംഗല്‍ സെവന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍, ആക്രമണത്തിനുശേഷം ലക്ഷ്യം സാധിച്ചതായി ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.