പെട്രോളിയം ചാരക്കേസിൽ പിടിയിലായ പ്രയാസ് ജെയിനിന്റെ ഓഫീസില്‍ തീപ്പിടിത്തം

single-img
24 February 2015

Fireന്യൂഡല്‍ഹി: മന്ത്രാലയരേഖകള്‍ ചോര്‍ത്തിയ കേസില്‍ പിടിയിലായ പ്രയാസ് ജെയിനിന്റെ ഓഫീസില്‍ തീപ്പിടിത്തം. ഇദ്ദേഹം അറസ്റ്റിലായതിന്റെ പിറ്റേന്ന് അദ്ദേഹത്തിന്റെ കമ്പനി ‘മെറ്റിസ് എനര്‍ജി’ ഇടപാടുകാര്‍ക്ക് അയച്ച ഇ-മെയിലിലാണ് തീപ്പിടിത്തത്തിന്റെ കാര്യം അറിയിച്ചത്.

എണ്ണ, പാചകവാതകം, ഊര്‍ജമേഖലകളില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇടപാടുകാര്‍ക്ക് അയയ്ക്കുന്ന പ്രതിദിന വാര്‍ത്താക്കുറിപ്പ് ഒരാഴ്ചത്തേക്ക് അയയ്ക്കാനാവില്ലെന്നാണ് കത്തിന്റെ ഉള്ളടക്കം. കഴിഞ്ഞദിവസം തങ്ങളുടെ ഓഫീസില്‍ നിര്‍ഭാഗ്യവശാല്‍ ഉണ്ടായ തീപ്പിടിത്തത്തിൽ. കെട്ടിടത്തിനകത്തുള്ള വസ്തുവകകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കമ്പനി ഇടപാടുകാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.

2009-ലാണ് മെറ്റിസ് പ്രവര്‍ത്തനമാരംഭിച്ചത്.  മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശാന്തനു സൈക്കിയക്കൊപ്പമാണ് ജെയിന്‍ അറസ്റ്റിലായത്. പെട്രോളിയം വിഷയത്തിലെ വാര്‍ത്തകള്‍ നല്‍കുന്ന പോര്‍ട്ടല്‍ നടത്തുകയാണ് സൈക്കിയ. ഇന്ത്യന്‍ പെട്രോ എന്നതാണ് സൈക്കിയയുടെ സ്ഥാപനം.

പെട്രോളിയം മന്ത്രാലയരേഖകള്‍ ചോര്‍ന്ന സംഭവത്തിലെ അറസ്റ്റിനുശേഷം ഇവരുടെ വെബ് സൈറ്റ് നീക്കംചെയ്ത നിലയിലാണ്.

മെറ്റിസിന് 83 ഇടപാടുകാരാണുള്ളതെന്ന് അവര്‍ അവകാശപ്പെടുന്നു. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ പ്രൊജക്ട്‌സ്, ഷെല്‍, റോള്‍സ് റോയ്‌സ്, റിയോ ടിന്റോ, റിലയന്‍സ് പവര്‍, ഒ.എന്‍.ജി.സി, എന്‍.ടി.പി.സി, ഐ.ഒ.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഗെയില്‍, ഷെവ്‌റോണ്‍, എസ്സാര്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്നിവ തങ്ങളുടെ ഇടപാടുകാരാണെന്ന് മെറ്റിസ് പറയുന്നു.