ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത എന്‍. ശ്രീനിവാസനെതിരെ സുപ്രീം കോടതി

single-img
24 February 2015

srinivasan-bcci-new-presidentന്യൂഡല്‍ഹി: കോടതി വിലക്ക് മറികടന്ന് ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്റെ നടപടികളില്‍ സുപ്രീം കോടതിക്ക്‌ അതൃപ്‌തി. കഴിഞ്ഞ എട്ടിനു നടന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതിയില്‍ വിലക്കുണ്ടായിട്ടും  ശ്രീനിവാസന്‍ പങ്കെടുത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. വെള്ളിയാഴ്‌ചയ്‌ക്കു മുന്‍പ്‌ കാരണം ബോധിപ്പിക്കാന്‍ ശ്രീനിവാസനോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ചെന്നൈയില്‍ നടന്ന ബിസിസിഐയുടെ പ്രവര്‍ത്തക സമിതിയില്‍ ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നത്‌ അന്നു തന്നെ വിവാദമായിരുന്നു. കോടതിയുടെ വിലക്കുണ്ടായിട്ടും എന്‍. ശ്രീനിവാസന്‍ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തതിനെതിരേ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ഫെബ്രുവരി 18നാണ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുകയായിരുന്നു.

ഐപിഎൽ ഒത്തുകളി കേസില്‍ ആരോപണ വിധേയനാണ്‌ ശ്രീനിവാസന്‍. തമിഴ്‌നാട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്‌. ഇതേ യോഗത്തില്‍ സുപ്രീംകോടതി വിധിയെക്കുറിച്ചും ചര്‍ച്ച ചെയ്‌തിരുന്നു. ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട്, ശ്രീനിവാസന്‍ ഒരേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയാകുന്നതും ബിസിസിഐ പ്രസിഡന്റാകുന്നതും കോടതി വിലക്കിയിരുന്നു.