ഏത് പാര്‍ട്ടിയെയും കൂട്ടി മുന്നണി വികസിപ്പിക്കാമെന്ന് ആരും കരുതേണ്ട, നിലപാട് വ്യക്തമാക്കി പന്ന്യന്‍ രവീന്ദ്രന്‍

single-img
24 February 2015

PANNYAN RAVEENDRAN M.Pകോട്ടയം : ഏത് പാര്‍ട്ടിയെയും കൂട്ടി ഇടതുമുന്നണി വിപുലീകരിക്കാമെന്ന് കരുതേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുന്നണി വിട്ട് പോയവര്‍ പുനര്‍വിചിന്തനം നടത്തി എല്‍.ഡി.എഫിലേക്ക് തിരിച്ചെത്തിയാല്‍ അവരെ സ്വീകരിക്കണമെന്നാണ് സി.പി.ഐ ടെ അഭിപ്രായമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യമതേതരമുന്നണി അധികാരത്തിന് വേണ്ടി ഏത് അഴിമതിക്കാരെയും കൂടെക്കുട്ടുന്നവരല്ല. അതേ സമയം ജാതിമതചിന്ത പുലര്‍ത്തുന്ന ഒരു പാര്‍ട്ടികളുമായും സഖ്യമുറപ്പിക്കാമെന്ന് കരുതേണ്ട. അതിന് സി.പി.ഐ അനുവദിക്കില്ല. കേരളത്തില്‍ മതേതരമുന്നണിയാണ് വേണ്ടത്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ മുമ്പ് വിട്ട് പോയ പലര്‍ക്കും തിരിച്ച് വരണമെന്നുണ്ട്. ഇവരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണം. മുന്നണി വികസിപ്പിച്ചാല്‍ മുന്നണിയുടെ അടിസ്ഥാനനയങ്ങളില്‍ നിന്ന് വ്യതി ചലിക്കാതെയാകണം ആ വികസനം. ആര്‍.എസ്.പി അടക്കമുള്ളവരെയാണ് ഉദേശിക്കുന്നതെന്നും അദേഹം പറഞ്ഞു. അതോടൊപ്പം പതിനാല് ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനസമ്മേളനത്തിനായി സി.പി.ഐ തയാറായിക്കഴിഞ്ഞു .മാനസികമായും രാഷ്ട്രിയമായും പാര്‍ട്ടിയില്‍ വലിയ ഐക്യമാണ് നില നില്‍ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.