വിമര്‍ശനം നല്ലതാണ്, പക്ഷേ സ്വരാജേ ഇതല്‍പ്പം കടന്നുപോയി

single-img
23 February 2015

4348_1412151597വിമര്‍ശനം നല്ലതാണ്. പക്ഷേ വിമര്‍ശിക്കുമ്പോഴും അതിനൊരു മാന്യതയുണ്ട്. എന്നാല്‍ സി.പി.എമ്മിന്റെ തലമൂത്ത നേതാവായ വി.എസ് അച്യുതാനന്ദനെ വിമര്‍ശിക്കുമ്പോള്‍ പാര്‍ട്ടിയിലെ കുട്ടിസഖാക്കള്‍ പോലും മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു. വി.എസിനെ വിമര്‍ശിക്കാന്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണന്നര്‍ത്ഥം. ആലപ്പുഴ സമ്മേളനം ഇന്ന് കൊടിയിറങ്ങുമ്പോള്‍ നേതാക്കള്‍ പലരും വി.എസിന് വര്‍ഗ്ഗശത്രുവായി പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ എന്ന പരിഗണന പോലും വി.എസ്സിന് ഔദ്യോഗികപക്ഷ നേതാക്കള്‍ നല്‍കുന്നില്ല.

രണ്ട് കോടിയോളം രൂപ ജനങ്ങളില്‍ നിന്ന് പിരിച്ച് നടത്തിയ സമ്മേളനം ഫലത്തില്‍ വി.എസിനെതിരായ കടന്നാക്രമണമായി പോകുകയായിരുന്നു.
വി.എസിനു കൊറിയന്‍ മാതൃക ആകാമെന്ന പരാമര്‍ശം നടത്തിയ പ്രസീഡിയം അംഗമായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ വിമര്‍ശനം അല്‍പ്പം കടന്നുപോയി എന്ന് പോലും നേതാക്കളില്‍ പലരും രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. വി.എസിന് ‘കാപിറ്റല്‍ പണിഷ്‌മെന്റ് ‘ (വധശിക്ഷ) നല്‍കണമെന്ന് പറഞ്ഞാണ് സ്വരാജ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വാര്‍ത്തിയില്‍ ഇടം പിടിച്ചത്. പാര്‍ട്ടിയിലെ ന്യൂജനറേഷന്‍ വനിതാ നേതാവ് ചിന്താ ജെറോം വി.എസിനെ വിശേഷിപ്പിച്ചത് ഒറ്റുകാരന്‍ എന്നാണ്. മുതിര്‍ന്ന നേതാക്കള്‍ വി.എസ് വിമര്‍ശനത്തില്‍ മാന്യത പുലര്‍ത്തിയപ്പോള്‍ ഇളമുറക്കാര്‍ വാക്കുകളിലും പ്രയോഗത്തിലും അതിര് വിട്ടാണ് കടന്നാക്രമിച്ചത്. വടകരയില്‍ താന്‍ തോല്‍ക്കാന്‍ കാരണം വി.എസ് ആണെന്നും, ഇത്തരം പുകഞ്ഞ കൊള്ളികളെ പുറത്താക്കണമെന്നുമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടത്. എന്തായാലും പാര്‍ട്ടിയിലെ ഇളമുറക്കാരുടെ അതിരുകടന്ന വിശേഷണത്തെ വി.എസ് എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണാം