മുല്ലപെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട് നടപടി തുടങ്ങി, ബേബി ഡാം ബലപ്പെടുത്താന്‍ 20 കോടി

single-img
23 February 2015

mullaഅടുത്ത കാലവര്‍ഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടികള്‍ ആരംഭിച്ചു. ജലനിരപ്പ് 142 അടിയാക്കാനുള്ള വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് തമിഴ്‌നാട് നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. ബേബി ഡാം ബലപ്പെടുത്താന്‍ 20 കോടി രൂപയുടെ പദ്ധതിക്കും തമിഴ്‌നാട് രൂപം നല്‍കി.

ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ച മുമ്പേ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ്.പി. പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ച മുന്‍പ് അണക്കെട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ബേബി ഡാമില്‍ കേന്ദ്ര ജലകമ്മിഷന്റെ അനുമതിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ നിര്‍മാണം ആരംഭിക്കണമെങ്കില്‍ കേരളത്തിന്റെ അനുമതികൂടി ആവശ്യമാണ് ഇത് എളുപ്പത്തില്‍ സാധ്യമല്ല. അടുത്ത മേല്‍നോട്ട സമിതി യോഗത്തില്‍ പദ്ധതി സമര്‍പ്പിച്ച് കേരളത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിര്‍മാണം ആരംഭിക്കാനാകും തമിഴ്‌നാടിന്റെ ശ്രമം.