കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാനുള്ള യോഗ്യതയുണ്ടോ എന്ന കാര്യത്തില്‍ പൊതുജനാഭിപ്രായമറിയാന്‍ ആംആദ്മി സര്‍വ്വേ നടത്തുന്നു
സംസ്ഥാനത്ത് ബാര്‍കോഴ ഉള്‍പ്പെടെ നിരവധി അഴിമതിയാരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ധനമന്ത്രി കെഎം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ ആം അദ്മി പാര്‍ട്ടി തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ ആം ആദ്മി കണ്‍വീനര്‍ സാറാ ജോസഫ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാന്‍ എല്ലാവരേയും സാറാ ജോസഫ് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബജറ്റ് തിരുത്താന്‍ മലബാര്‍ ഗോള്‍ഡില്‍ നിന്ന് പത്തൊമ്പത് കോടി വാങ്ങിയെന്ന ആരോപണം നേരിടുന്ന മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ചോദിച്ചുകൊണ്ടാണ് സാഹാ ജോസഫ് പോസ്റ്റിട്ടിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ ജനഹിതം വെളിപ്പെടുത്തുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അഴിമതിയില്ലാത്ത രാജ്യം നമ്മുടെ അവകാശമാണെന്നും സാറാ ജോസഫ് പോസ്റ്റില്‍ പറയുന്നു.