പണം കൊള്ളയടിച്ച ബംഗാള്‍ സ്വദേശികൾക്ക് ഏഴുവര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും

single-img
22 February 2015

courtതിരുവനന്തപുരം: തലസ്‌ഥാനത്തെ ആയുര്‍വേദ കോളജ്‌ ജംഗഷനില്‍ വെച്ച്‌ മുപ്പത്തിയാറരലക്ഷം രൂപ കൊള്ളയടിച്ച ബംഗാള്‍ സ്വദേശികൾക്ക് ഏഴുവര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മാണിക്‌സിംഗ്‌, രാകീഷ്‌കുമാര്‍, അനീസ്‌ ഗൗള, ബണ്ടിസിംഗ്‌ എന്നിവർക്കാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ്‌ അനുഭവിക്കണം.

2013 ജൂലൈ 20 നായിരുന്നു സംഭവം. മത്സ്യഫെഡ്‌ സഹകരണസംഘത്തിന്റെ ആവശ്യത്തിലേക്കായി കാനറാബാങ്ക്‌ പുത്തന്‍ചന്തശാഖയില്‍ നിന്ന്‌ പണവുമായി പോയ ജീവനക്കാരനെയാണ്‌ പ്രതികള്‍ ആക്രമിച്ച്‌ പണംതട്ടിയെടുത്തത്‌.
നഗരത്തില്‍ സ്‌ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉത്തര്‍പ്രദേശ്‌ രജിസ്‌ട്രേഷനുള്ള മൂന്ന്‌ ബൈക്കുകള്‍ കോവളം ഭാഗത്തേക്ക്‌ സംഭവസമയം അതിവേഗത്തില്‍ ഓടിച്ചുപോയത്‌ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്‌ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്‌. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട മൂന്നു മുതല്‍ ആറുവരെ പ്രതികളില്‍നിന്ന്‌ അഞ്ചുലക്ഷം പിടിച്ചെടുത്തിരുന്നു.