ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴിച്ച സത്യപ്രതിജ്ഞ ചെയ്യും

single-img
22 February 2015

nithishkumarപട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴിച്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിനു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും. മാര്‍ച്ച് 16 വരെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷിന് സമയം അനുവദിച്ചിട്ടുണ്ട്.

നിതീഷിനോടൊപ്പം ജെഡിയു, ആര്‍ജെഡി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിസഭയില്‍ ചേരുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്തതിനാല്‍ ജീതന്‍ റാം മാഞ്ചി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷിനെ ഗവര്‍ണര്‍ ക്ഷണിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയതലത്തില്‍ രൂപംകൊള്ളുന്ന ബിജെപി വിരുദ്ധ സഖ്യത്തിന്റെ ശക്തിപ്രകടന വേദിയാക്കാനും ജെഡിയു ശ്രമിക്കുന്നുണ്ട്. ജനതാപരിവാര്‍ ഉള്‍പ്പെടെയുള്ള കക്ഷികളിലെ ഉന്നത നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്.