എല്‍.ഐ.സി പോളിസിയുടെ പേരില്‍ തട്ടിപ്പുനടത്തിയ പാസ്റ്ററും സഹോദരിയും പോലീസ് പിടിയിൽ

single-img
22 February 2015

handcuffsഅടൂര്‍: എല്‍.ഐ.സി പോളിസിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ തട്ടിപ്പുനടത്തിയ പാസ്റ്ററും സഹോദരിയും പോലീസ് പിടിയിൽ. എല്‍.ഐ.സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേർ സംഭവത്തില്‍ പ്രതികളായിട്ടുണ്ടെന്നാണ് സൂചന. പാസ്റ്ററായ കൊടുമണ്‍ രണ്ടാംകുറ്റി രാജവില്ലയില്‍ ജോയി (45), സഹോദരി കൊടുമണ്‍ ചിരണിക്കല്‍ കൊച്ചയ്യത്ത് ലിസി (30) എന്നിവരാണ് പിടിയിലായത്.

അടൂര്‍ കേന്ദ്രീകരിച്ച് പെന്തക്കോസ്ത് ചാരിറ്റബിള്‍ ഫെലോഷിപ്പ്‌ പ്രെയര്‍ ടീം എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ച് തട്ടിപ്പുനടത്തുകയായിരുന്നു. ട്രസ്റ്റ്ഭാരവാഹികളായ മറ്റ് ഏഴുപേരും കോട്ടയം സ്വദേശിയായ എല്‍.ഐ.സി ഡവലപ്പ്‌മെന്റ് ഓഫീസര്‍, നിരവധി എല്‍.ഐ.സി ഏജന്റുമാര്‍ എന്നിവരും സംഭവത്തില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്.

എല്‍.ഐ.സി.യുടെ ജീവന്‍ മഥുര്‍, ജീവന്‍മംഗള്‍ പോളിസികളില്‍ ആളുകളെ ചേര്‍ത്താണ് ഇവര്‍ തട്ടിപ്പുനടത്തിയത്.  ജീവന്‍ മംഗള്‍ പോളിസിയില്‍ 25,000 ആളുകളും ജീവന്‍ മഥുരില്‍ 1000 പേരെയും ഇവര്‍ ചേര്‍ത്തതായി പോലീസ് പറഞ്ഞു.

ജീവന്‍മംഗള്‍ പോളിസിക്കായി ആദ്യ അടവിന് ഓരോരുത്തരില്‍നിന്ന് 7000 രൂപയും മഥുര്‍ പോളിസിക്ക് 16,000 രൂപയുമാണ് വാങ്ങിയത്. തുടര്‍ന്നുള്ള അടവുകള്‍ക്കുള്ള തുകയും ഈ ട്രസ്റ്റിലു ള്ള അംഗങ്ങള്‍ വാങ്ങി വ്യാജ രസീതുകളും നല്‍കിയിട്ടുണ്ട്.  പോളിസിയില്‍ ചേരുന്നസമയത്ത് ആദ്യഗഡുവിന് കമ്മീഷന്‍ കൂടുതലായതിനാലാണ് ഇങ്ങനെ തട്ടിപ്പുനടത്തിയതെന്നും പോലീസ് പറഞ്ഞു.നൂറനാട് ആറ്റുവ ഐരാണിക്കുഴി പടിഞ്ഞാറേ വെട്ടത്ത് അമ്പിളിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.