മുന്‍ കേന്ദ്രമന്ത്രിമാരുൾപെടെ നിരവധി വിശിഷ്ടവ്യക്തികളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു

single-img
22 February 2015

meeraന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിമാരുൾപെടെ ഒട്ടേറെ വിശിഷ്ടവ്യക്തികളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന് നല്‍കുന്ന ബ്ലാക്ക്ക്യാറ്റ് സംരക്ഷണം നിർത്തി പകരം സി.ആര്‍.പി.എഫിന് സുരക്ഷാചുമതല നല്‍കും.

ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് നല്‍കുന്ന എന്‍.എസ്.ജി സുരക്ഷ പിന്‍വലിച്ചേക്കും. ബിഹാറിലും ഡല്‍ഹിയിലും അദ്ദേഹത്തിന് സെഡ്-പ്ലസ് സുരക്ഷ നല്‍കും. മറ്റിടങ്ങളില്‍ അര്‍ധസൈനിക വിഭാഗത്തിനായിരിക്കും സുരക്ഷാ ചുമതല.

എന്നാല്‍, ശാരദ ചിട്ടിതട്ടിപ്പ് കേസിലെ പ്രതിയും മുന്‍മന്ത്രിയുമായ മാതങ് സിങ്ങിന് 14 സംസ്ഥാനങ്ങളില്‍ നല്‍കിവരുന്ന സെഡ്-പ്ലസ് സുരക്ഷ തുടരും. കേന്ദ്ര ആഭ്യന്തരസെക്രട്ടറി എല്‍.സി. ഗോയല്‍ അധ്യക്ഷനായ സമിതിയുടെ അടുത്തിടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജിതേന്ദ്രസിങ്, പഞ്ചാബിലെ മുന്‍ പോലീസ് മേധാവി കെ.പി.എസ്. ഗില്‍ എന്നിവര്‍ക്ക് രാജ്യമെമ്പാടും സെഡ്-പ്ലസ് സുരക്ഷ നല്‍കും. ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, ശ്രീപ്രകാശ് ജെയ്‌സ്വാള്‍ എന്നിവരുടെ സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചു. കോണ്‍ഗ്രസ് നേതാക്കളായ റീത ബഹുഗുണ ജോഷി, ജിതിന്‍ പ്രസാദ്, പി.എല്‍. പുനിയ, സലിം ഷെര്‍വാണി എന്നിവരുടെ സുരക്ഷയും പിന്‍വലിക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് മഹാരാഷ്ട്രയില്‍ നല്‍കിവരുന്ന സെഡ് വിഭാഗം സുരക്ഷ തുടരും. കേരള ഗവര്‍ണര്‍ പി. സദാശിവത്തിനും ഇതേവിഭാഗം സുരക്ഷ നല്‍കും.