നീലേശ്വരത്ത്‌ വി.എസ്‌ അനുകൂല പ്രകടനം

single-img
22 February 2015

vsനീലേശ്വരം (കാസറഗോഡ്‌ ): സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ നിന്നും പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയ വി.എസ്‌ അച്യുതാനന്ദനെ അനുകൂലിച്ച്‌ നീലേശ്വരത്ത്‌ പ്രകടനം. പ്രദേശത്തെ സി.പി.എമ്മിന്റെ നിരവധി സജീവ പ്രവര്‍ത്തകരും അനുഭാവികളുമാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. വി.എസ്‌ അനുകൂല നിലപാടിലൂടെ സംസ്‌ഥാന ശ്രദ്ധ പിടിച്ചുപറ്റിയ നീലേശ്വരത്തെ വി.എസ്‌ ഓട്ടോസ്‌റ്റാന്റിലെ ഡ്രൈവര്‍മാരും പ്രകടനത്തില്‍ മുഴുനീളെ പങ്കെടുത്തു.

സി.പി.എം. ശക്‌തികേന്ദ്രമായ മടിക്കൈ, ബങ്കളം, നീലേശ്വരം , പുതുക്കൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്‌ പ്രകടനത്തിന്‌ എത്തിയത്‌. കോണ്‍വെന്റ്‌ ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം മാര്‍ക്കറ്റില്‍ ആണ്‌ അവസാനിച്ചത്‌.
മുന്നറിയിപ്പില്ലാതെ സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ വി.എസ്‌ അനുകൂല പ്രകടനം പാര്‍ട്ടി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുയാണ്‌. മുമ്പ്‌ വി.എസ്സിന്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചപ്പോഴും പോളിറ്റ്‌ ബ്യുറോയില്‍ നിന്നും നീക്കിയപ്പോഴും അദ്ദേഹത്തെ അനുകൂലിച്ച്‌ ആദ്യം പ്രകടനം നടത്തി പാര്‍ട്ടിയെ ഞെട്ടിച്ചതും നീലേശ്വരത്ത്‌ ആയിരുന്നു.

കഴിഞ്ഞ പാര്‍ട്ടി ലോക്കല്‍, ഏറിയ സമ്മേളനത്തോടെ വി.എസ്‌ അനുകൂല നേതാക്കളെയെല്ലാം വിട്ടിനിരത്തിയാണ്‌ കമ്മറ്റികള്‍ രൂപീകരിച്ചത്‌ . ഇതോടെ വി.എസ്‌ പക്ഷത്തിന്റെ ചിറകരിഞ്ഞു എന്ന്‌ സി.പി.എം നേതൃത്വം ആശ്വസിച്ചിരിക്കുന്നതിനിടയിലാണ്‌ വി.എസ്സിന്‌ വേണ്ടിയുള്ള പോരാട്ട വീര്യം ചോര്‍ന്നിട്ടില്ലെന്ന്‌ തെളിയിച്ചു കഴിഞ്ഞ ദിവസം വീണ്ടും വി.എസ്‌ അനുകൂല പ്രകടനം നടന്നത്‌.