സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയിട്ടില്ല; വി.എസ് പാര്‍ട്ടിയിലുണ്ടാകുമോ എന്ന ചോദ്യം അസംബന്ധം-കോടിയേരി

single-img
22 February 2015

kodiyeriആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വി.എസ് പോയത് പറഞ്ഞിട്ടാണ്, പ്രതിഷേധിച്ചല്ല ഇറങ്ങിപ്പോയതല്ലെന്നും കോടിയേരി വ്യക്തമാക്കി.

രാവിലെ തന്നെ സമ്മേളന ഹാളില്‍ എത്തിയ വി.എസ് ചായക്കുള്ള ഇടവേളക്ക് ശേഷം പുറത്ത് പോകുകയാണെന്ന് അറിയിച്ചിട്ടാണ് പോയത്. പ്രതിഷേധിച്ച് പോകുകയാണെന്ന് വി.എസ് പറഞ്ഞിട്ടില്ലെന്നും കോടിയേരി അറിയിച്ചു. അച്ചടക്കം പരമ പ്രധാനമായ സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അച്ചടക്കം കര്‍ശനമായി പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതിന് വിരുദ്ധമായ കാര്യങ്ങള്‍ പാര്‍ട്ടി ശക്തമായി നേരിടും. എന്നാല്‍ വി.എസ് സമ്മേളന വേദി വിട്ടു പോയത് അച്ചടക്കലംഘനമായി കാണാനാവില്ലെന്നും കോടിയേരി പറഞ്ഞു.

സി.പി.എം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സമുന്നതനായ നേതാവാണ് വി.എസ്. അദ്ദേഹം പാര്‍ട്ടിയിലുണ്ടാകുമോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. എല്ലാവരെയും കൂടെ നിര്‍ത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വി.എസ് ഞായറാഴിച്ച സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നകാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.