ഇനി മുതൽ തായ്‌ലന്റ്‌ വിദേശ ദമ്പതികള്‍ക്ക്‌ ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കില്ല

single-img
21 February 2015

surrogate motherബാങ്കോക്ക്‌: വിദേശ ദമ്പതികള്‍ക്ക്‌ ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്നത്‌ തായ്‌ലന്റ്‌ നിയമം മൂലം നിരോധിച്ചു. ഇനിമുതല്‍ വിദേശികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിന്റെ കേന്ദ്രമായി രാജ്യം തുടരില്ലെന്നു നിയമം പാസാക്കാന്‍ കാരണം ബുദ്ധിമാന്ദ്യമുളള ഒരു കുട്ടിയെ രാജ്യത്ത്‌ ഉപേക്ഷിച്ചു പോയ ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ്. ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ തങ്ങളുടെ ഇരട്ടക്കുട്ടികളില്‍ ആരോഗ്യമുളള കുട്ടിയെ മാത്രമാണ്‌ സ്വീകരിച്ചത്‌.

പുതിയ നിയമമനുസരിച്ച്‌ വാടക ഗര്‍ഭപാത്രത്തിനായി ശ്രമിക്കുന്ന ദമ്പതിമാരില്‍ ഒരാളെങ്കിലും തായ്‌ലന്റ്‌ സ്വദേശിയായിരിക്കണം. കൂടാതെ കുട്ടിയെ ഗര്‍ഭത്തില്‍ ചുമക്കാനാവില്ല എന്ന്‌ തെളിയിക്കുന്ന ഡോക്‌ടറുടെ സാക്ഷ്യപ്പെടുത്തലും വാടക ഗര്‍ഭപാത്രം നല്‍കാന്‍ ബന്ധുക്കളാരുമില്ല ഉറപ്പും നല്‍കിയാല്‍ മാത്രമേ വാടക അമ്മയെ കണ്ടെത്താനുളള അനുവാദം ലഭിക്കുകയുളളൂ.

പുതിയ നിയമം ജൂണോട് കൂടി പ്രാബല്യത്തിൽ വരും. വാണിജ്യാടിസ്‌ഥാനത്തില്‍ വാടകയ്‌ക്ക് ഗര്‍ഭപാത്രം നല്‍കുന്നത്‌ തായ്‌ലന്റ്‌ മെഡിക്കല്‍ കൗണ്‍സില്‍ നിരോധിച്ചു കഴിഞ്ഞു. ഓഗസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ സൃഷ്‌ടിച്ച വിവാദത്തിനു ശേഷം രാജ്യത്തെ നിരവധി ഐവിഎഫ്‌ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയിരുന്നു.