നിസാമിനെ ജനകീയ വിചാരണക്കായി മാവോയിസ്റ്റുകൾ നോട്ടമിടുന്നതായി റിപ്പോർട്ട്

single-img
21 February 2015

Nisamകൊച്ചി: സുരക്ഷാ ജീവനക്കാരനെ വാഹനമിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെ മാവോയിസ്റ്റുകൾ നോട്ടമിടുന്നു. ജനകീയ വിചാരണ നടത്തി ശിക്ഷ വിധിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ഉന്നത രാഷ്ട്രീയക്കാരുമായും പൊലീസുകാരുമായും അടുത്ത ബന്ധമുള്ള നിസാമിന് കടുത്തശിക്ഷ കിട്ടാനിടയില്ലെന്ന നിഗമനത്തിലാണ് മാവോയിസ്റ്റുകൾ നേരിട്ട് ശിക്ഷ നടത്താൻ ഒരുങ്ങുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

കൊല്ലപ്പെട്ട ചന്ദ്രബോസിനോടുള്ള ജനങ്ങളുടെ സഹതാപ തരംഗവും നിസാമിനോടുള്ള കടുത്ത അമർഷവും തങ്ങൾക്ക് അനുകൂലമാക്കാനാണ് മവോയിസ്റ്റു ശ്രമം. ജയിലിൽ കഴിയുന്ന നിസാമിനെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴോ മറ്റോ  ശിക്ഷ നടപ്പാക്കാനാണ് പദ്ധതി. ശക്തമായ കാവലിലുള്ള പ്രതിയെ മാവോയിസ്റ്റുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ്  പൊലീസ് പറയുന്നത്. എന്നാലും അതീവ ജാഗ്രത പുലർത്തണമെന്ന് ഇന്റലിജന്റ്സ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. നിസാമിനെതിരെ സാധാരണക്കാർക്കിടയിലും സോഷ്യൽ മീഡിയകളിലും പടരുന്ന രോഷപ്രകടനത്തെ മുൻനിർത്തിയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് കരുതുന്നു.

നിസാമിനെ നേരിട്ട് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും തമിഴ്‌നാട്ടിലും ഗൾഫിലുമുള്ള ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളെ തകർക്കാനും ലക്ഷ്യമുണ്ട്. നിസാമിന്റെ ശോഭസിറ്റിയിലെ വില്ലയ്ക്കും അന്തിക്കാട്ടെ തറവാടുവീടിനും നിലവിൽ ഭീഷണിയുണ്ട്. നിസാമുമായി ബന്ധം പുലർത്തുന്ന പൊലീസുകാരോട് കരുതിയിരിക്കാനും ഇന്റലിജന്റ്സ് നിർദേശമുണ്ട്. പുകയില വ്യാപാരവും റിയൽ എസ്റ്റേറ്റ് ബിസിനസുമാണ് നിസാം നടത്തുന്നത്.

അതേസമയം,​ ചന്ദ്രബോസിനെ വാഹനമിടിക്കുന്നതിന് സാക്ഷിയായ ഭാര്യ അമല കൊച്ചിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നും ഇവർ ഗൾഫിലേക്ക് കടന്നതായും പറയപ്പെടുന്നു.  സ്വന്തം വീട്ടിലെ തൊഴിലാളികളോട് പോലും കരുണകാട്ടാത്ത നിസാമിനെതിരെ ആറു കൊല്ലത്തിനിടെ അടിപിടി മുതൽ കൊലപാതകം വരെ 16 കേസുകളുണ്ട്. പൊലീസിന് ലക്ഷങ്ങൾ കൈക്കൂലികൊടുത്തും പരാതിക്കാരെ ഭീഷണിപ്പെടുത്തിയും നിരവധി കേസുകൾ ഇല്ലാതാക്കി. നാലു തവണ ഹൈക്കോടതിയിൽ ഹാജരായ നിസാമിനെതിരെ മൂന്നുകേസുകളിലും പ്രോസിക്യൂഷൻ എതിർപ്പ് രേഖപ്പെടുത്താതെ കേസ് ഒത്തുതീർന്നിരുന്നു.