നളന്ദ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ല അമര്‍ത്യ സെന്‍

single-img
21 February 2015

sen_0ന്യൂഡല്‍ഹി: നളന്ദ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ രണ്ടാം വട്ടമില്ലെന്നു നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. താന്‍ ചാന്‍സലറായി തുടരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു താത്‌പര്യമില്ലെന്നു വ്യക്‌തമായതിനാൽ കാലാവധി അവസാനിക്കുന്ന ജൂലൈയില്‍ പടിയിറങ്ങുകയാണെന്ന് അദ്ദേഹം സര്‍വകലാശാല ഗവേണിങ്‌ ബോര്‍ഡിന്‌ അയച്ച കത്തില്‍ വ്യക്‌തമാക്കി.

നേരത്തെ ചാന്‍സലര്‍ പദവിയില്‍ ഒരു ടേം പൂര്‍ത്തിയാക്കിയ സെന്നിന് ഒരു ടേം കൂടി നല്‍കാന്‍ സര്‍വകലാശാലയുടെ ഗവേണിങ് ബോഡി ജനുവരിയില്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു.  ജൂലൈയിലാണ് അദ്ദേഹത്തിന്‍െറ കാലാവധി അവസാനിക്കുന്നത്.

അംഗീകാരം നല്‍കേണ്ടത് വിസിറ്ററായ രാഷ്ട്രപതിയാണെങ്കിലും തീരുമാനമെടുക്കേണ്ട കേന്ദ്രസര്‍ക്കാര്‍ വെറുതെ താമസിപ്പിക്കുകയായിരുന്നെന്ന് അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് സ്ഥനാര്‍ഥിത്വം പിന്‍വലിക്കുന്നത്. തന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കാനും എടുക്കാതിരിക്കാനും സര്‍ക്കാറിന് അധികാരമുണ്ട്.
സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ ബോര്‍ഡിന്‍െറ ഏകകണ്ഠമായ തീരുമാനം നടപ്പാക്കാന്‍ രാഷ്ട്രപതിക്ക് സാധ്യമല്ല.
എന്നാല്‍, സര്‍ക്കാറിന്‍െറ അലംഭാവം യൂനിവേഴ്സിറ്റിയുടെ അക്കാദമിക് തലത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ സംബന്ധിച്ചിടത്തോളം അവസാന തീരുമാനമെടുക്കേണ്ട സമയമായെന്നും സെന്‍ വ്യക്തമാക്കി. എന്‍.ഡി.എ. സര്‍ക്കാരിനു കീഴില്‍ രാജ്യത്തെ അക്കാദമിക്‌ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2012-ല്‍ പാര്‍ലമെന്റ്‌ പാസാക്കിയ നിയമം മൂലം നിലവില്‍ വന്ന നളന്ദ സര്‍വകലാശാല ബിഹാറിലാണ്‌. ആഗോള തലത്തിലുള്ള അക്കാദമിക്‌ പങ്കാളിത്തത്തോടെയുള്ള സര്‍വകലാശാല എന്ന നിലയില്‍ വിദേശകാര്യ മന്ത്രാലയമാണ്‌ ഇതിന്റെ നോഡല്‍ ഏജന്‍സി.

സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷപ്രതികരണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ലോകം ആദരിക്കുന്ന നോബല്‍ സമ്മാന ജേതാവിനെ അപമാനിക്കുന്നതു രാജ്യത്തിനു നാണക്കേടാണെന്നു കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, ആം ആദ്‌മി പാര്‍ട്ടി തുടങ്ങിയവര്‍ കുറ്റപ്പെടുത്തി. അതേസമയം, സര്‍വകലാശാലല്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ചവരെ പുറത്താക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിയതായി സൂചനയുണ്ട്‌. നളന്ദയുടെ രൂപീകരണത്തോടെ അനവധി വിവാദങ്ങളും തലപൊക്കുകയുണ്ടായി.