വിന്‍ഡീസിനെതിരെ പാകിസ്താന് ദയനീയ പരാജയം

single-img
21 February 2015

Pakistanലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയിലെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്താന് ദയനീയ പരാജയം.311 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 39 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി.

പാക് ബാറ്റിങ് നിര ഒരു ഘട്ടത്തില്‍ ഒരു റണ്ണിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്നു.

രണ്ട് വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ എടുത്ത ജെറോം ടെയ്‌ലറാണ് പാക് ബാറ്റിങ്ങിനെ തകര്‍ത്തത്. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ നാസിര്‍ ജംഷദിനെ (0) പുറത്താക്കിയ ടെയ്‌ലര്‍ ഓവറിലെ അവസാന പന്തില്‍ യൂനിസ് ഖാനെയും (0) മടക്കി. തന്റെ രണ്ടാമത്തെ ഓവറില്‍ ടെയ്‌ലര്‍ ഹാരിസ് സൊഹൈലിനെയും സംപൂജ്യനാക്കി മടക്കിയപ്പോള്‍ നാലാമത്തെ ഓവറില്‍ ഹോള്‍ഡര്‍ അഹ്മദ് ഷഹസാദിനെ മടക്കി. ക്യാപ്റ്റന്‍ മിസ്ബാഹും (7) മസൂദും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും പതിനൊന്നാം ഓവറില്‍ മിസ്്ബാഹിനെ മടക്കി ടെയ്‌ലര്‍ വീണ്ടും ആഞ്ഞടിച്ചു.

ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ്് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തിരുന്നു. ദിനേശ് രാംദിന്‍(51), ലെന്‍ഡല്‍ സിമണ്‍സ്(50) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 13 പന്തില്‍ നിന്നും പുറത്താകാതെ 42 റണ്‍സ് അടിച്ചുകൂട്ടിയ ആന്ദ്രെ റസലും വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.