പ്രായം തളര്‍ത്താത്ത പോരാളി, വിമര്‍ശനങ്ങള്‍ക്കിടയിലും നിലപാടുകളില്‍ ഉറച്ച് നിലതെറ്റാതെ വിഎസ്

single-img
21 February 2015

prashant-bhushan-meets-veteran-achuthanandan-denies-alliance_301213044458വി.എസിന്റെ സ്ഥാനത്ത് മറ്റൊരു നേതാവിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. എപ്പോഴേ സ്ഥാനമാനങ്ങള്‍ രാജിവെച്ച് പാര്‍ട്ടിക്ക് കീഴടങ്ങിയേനേ. പക്ഷേ വി.എസ് എന്ന് കേരളം സ്‌നേഹത്തോടെ വിളിക്കുന്ന വി.എസ് അച്യുതാനന്ദന് തുല്യം അദ്ദേഹം മാത്രമേയുള്ളൂ എന്ന് സഖാക്കള്‍ ഒരേ സ്വരത്തില്‍ പറയും. പ്രായം തളര്‍ത്താത്ത പോരാളി അതാണ് വി.എസ്.

വി.എസ് ഒരിക്കലും തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ഇത്തരമൊരു നിലപാട് തന്നെയാണ് ആലപ്പുഴ സമ്മേളനത്തിലും കൈകൊണ്ടത്. സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി വി.എസ് ഔദ്യോഗിക നേതൃത്വത്തോടെ പരസ്യമായി ഏറ്റുമുട്ടി. പാര്‍ട്ടി എത്ര തന്നെ തള്ളിപറഞ്ഞാലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്ന് ആലപ്പുഴ സമ്മേളനത്തിലും വി.എസ് കാട്ടിക്കൊടുത്തു. നിലപാടുകളെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെയാണ് വി.എസ് സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയതും.

സംസ്ഥാന നേതൃത്വം പലപ്പോഴും വി.എസിനെ തള്ളിപ്പറഞ്ഞപ്പോഴും വി.എസിന്റെ നിലപാടുകളെ മുന്‍കാലങ്ങളില്‍ അല്‍പമെങ്കിലും ഗൗനിച്ചത് കേന്ദ്ര നേതൃത്വം മാത്രമാണ്. എന്നാല്‍ ആലപ്പുഴ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാന സെക്രട്ടറിയുമായി വി.എസ് പരസ്യ ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തിനും കല്ലുകടിയായി. എന്നാല്‍ വി.എസ് ഇന്ന് സമ്മേളനവേദി വിടുംമുമ്പ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോടും കേന്ദ്ര നേതാക്കളോടും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു.

തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ശേഷവും കേന്ദ്ര നേതൃത്വം എല്ലാം കണ്ടില്ലെന്ന് നടിച്ചതോടെ സമ്മേളന വേദിയില്‍നിന്നും മടങ്ങാന്‍ വിഎസ് നിര്‍ബന്ധിതനാകുകയായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങളും വി.എസ് തന്റെ നിലപാടുകളെ കര്‍ക്കശമാക്കാന്‍ കാരണമായി.

എന്തായാലും വി.എസിന്റെ പരസ്യമായി ഏറ്റുമുട്ടലും വിമര്‍ശനവുമെല്ലാം ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്താളുകളിലേക്ക് എഴുതപ്പെടുകയാണ്.
സിപിഎം സംസ്ഥാന സമ്മേളന ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ട്ടി സ്ഥാപക നേതാവും മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗവുമായ ഒരാള്‍ സമ്മേളന വേദി വിട്ടുപോകുന്നതെന്ന പ്രത്യേകതയുമുണ്ട്. വിഎസിന്റെ ഏറ്റുമുട്ടല്‍ മനോഭാവവും ഇറങ്ങിപ്പോക്കുമെല്ലാം സമ്മേളനവേദിക്ക് സമ്മാനിക്കുന്നതും പിരിമുറക്കമാണ്. ആലപ്പുഴ സമ്മേളനം കൊടിയിറങ്ങിയാലും വരുംദിവസങ്ങളിലും വാര്‍ത്തകളില്‍ നിറയുക വി.എസിന്റെ പരസ്യമായ പോര്‍വിളി തന്നെയാകും. അപ്പോഴും ഒരു സസ്‌പെന്‍സ് കേരളജനതയ്ക്ക് മുമ്പില്‍ ഉയര്‍ന്ന് നിലനില്‍ക്കുന്നു. എല്ലായിപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന വി.എസ് ഒടുവില്‍ പാര്‍ട്ടിവിടുമോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.