കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറിയാകും

single-img
21 February 2015

kodiyeriഇനി സിപിഎം ല്‍ കോടിയേരി യുഗം. ആലപ്പുഴ സമ്മേളനത്തോടെ പിണറായി വിജയന്‍ പടിയിറങ്ങുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്ന് ഉറപ്പായി. കേന്ദ്ര നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സംസ്ഥാന സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്നലെ രാത്രിയും ഇന്നുരാവിലെയുമായി പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള പിബി അംഗങ്ങള്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് കോടിയേരിയെ സെക്രട്ടറിയാക്കാന്‍ ധാരണയായത്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയാകുമെന്ന് സമ്മേളനം തുടക്കം മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

23നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. നേരത്തെ കോടിയേരിക്കൊപ്പം എം വി ഗോവിന്ദന്‍, എം എ ബേബി, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതാക്കളും സമ്മതം മൂളിയതോടെ കോടിയേരി പേര് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉറപ്പിക്കുകയായിരുന്നു.

നിലവിൽ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാർലമെന്ററി പാർട്ടി ഉപാദ്ധ്യക്ഷനുമാണ് കൊടിയേരി. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവർത്തിച്ചു. ഇപ്പോഴത്തെ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.

വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്.