സ്കൂള്‍ കുട്ടികള്‍ക്കായുള്ള ‘ലേണ്‍ ടു കോഡ്’ പദ്ധതി ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

single-img
20 February 2015

learn to codeകൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സ്വയം പഠിക്കാനവസരം നല്‍കുന്ന പദ്ധതി ‘ലേണ്‍ ടു കോഡ്’ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തെരഞ്ഞെടുത്ത 2500 സ്കൂള്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി റാസ്പ്ബറി പൈ കമ്പ്യൂട്ടര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്‍െറ നേതൃത്വത്തില്‍ ഐ.ടി അറ്റ് സ്കൂളിന്‍െറയും സ്റ്റാര്‍ട്ടപ് വില്ലേജിന്‍െറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലേണ്‍ ടു കോഡ് പദ്ധതിയിലൂടെ പ്രതിവര്‍ഷം 10,000 പ്രോഗ്രാമിങ് കിറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുക.

ലോകത്തെ ഏറ്റവും വലിയ ഐ.ടി ഹബുകളിലൊന്നായി കേരളത്തെ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്രെഡിറ്റ് കാര്‍ഡിന്‍െറ വലുപ്പം മാത്രമുള്ള ചെറുകമ്പ്യൂട്ടറുകളാണ് റാസ്പ്ബറി പൈ. സ്ക്രാച്, പൈത്തണ്‍ എന്നീ പ്രോഗ്രാമുകള്‍ പഠിക്കുന്നതിനോടൊപ്പം ഇന്‍റര്‍നെറ്റില്‍ തിരയാനും ഗെയിമുകളും വിഡിയോകളും പ്രവര്‍ത്തിപ്പിക്കാനും ഈ ചെറു കമ്പ്യൂട്ടറുകളിലൂടെ സാധിക്കും.ഇവ കമ്പ്യൂട്ടര്‍ മോണിറ്റര്‍, ടി.വി തുടങ്ങിയ ഡിസ്പ്ളേ ഉപകരണങ്ങളില്‍ ഘടിപ്പിച്ച് സാധാരണ കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാം.

ബി പ്ളസ് ബോര്‍ഡ്, എന്‍ക്ളോഷര്‍, എട്ട് ജി.ബി എസ്.ഡി കാര്‍ഡ്, എച്ച്.ഡി.എം.ഐ കേബ്ള്‍, എച്ച്.ഡി.എം.ഐ- വി.ജി.എ കേബ്ള്‍, യു.എസ്.ബി കീബോര്‍ഡ്, യു.എസ്.ബി മൗസ് എന്നിവയടങ്ങുന്ന ഒരു റാസ്പ്ബറി പൈ കിറ്റിന് 4324 രൂപയാണ് വില.  തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് കിറ്റ് ഉപയോഗിക്കുന്നതിന് പ്രാഥമിക പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ആഴത്തിലുള്ള കോഡിങ് പരിശീലനം മാര്‍ച്ചിലെ പരീക്ഷകള്‍ക്കുശേഷം ആരംഭിക്കും.