ആര്‍എസ്എസിന്റെ സഹായത്തോടെ തികഞ്ഞ ഹിന്ദുത്വവല്‍കരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്-പ്രകാശ് കാരാട്ട്

single-img
20 February 2015

karatആലപ്പുഴ: ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും ആര്‍എസ്എസാണ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികഞ്ഞ വലതുപക്ഷ വല്‍കരണമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത്. മതപരിവര്‍ത്തനം അടക്കമുള്ള നടപടികളിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ പരിഗണിക്കാതെ കോര്‍പറേറ്റുകള്‍ക്കും വന്‍കിടശക്തികള്‍ക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനന്‍സുകള്‍ ഇറക്കി പാര്‍ലമെന്റിനെ മറികടന്ന് ഭരണം നടത്താനാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരുന്നത് മേഖലയെ തകര്‍ക്കാന്‍ മാത്രമേ വഴിയൊരുക്കൂ. കല്‍ക്കരി വ്യവസായ മേഖല കാലമിത്രയം ദേശസാല്‍കൃതമായിരുന്നു. ഇവിടേക്ക് സ്വകാര്യമേഖലയ്ക്കു വഴിതുറക്കുന്നതാണ് രണ്ടാമത്തെ ഓഡിനന്‍സ്. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവരുന്ന ഓഡിനന്‍സ് തങ്ങളുടെ വ്യാവസായിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും ആവശ്യപ്രകാരമാണെന്നും കാരാട്ട് പറഞ്ഞു. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ശക്തമായ ആക്രമണം നേരിടുകയാണെന്നും ഭരണം നഷ്ടപ്പെട്ടതും ജനകീയ അടിത്തറ തകര്‍ന്നതുമാണ് പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടിക്ക് കാരണം. ജനകീയ അടിത്തറ വീണ്ടെടുക്കാന്‍ സമയമെടുക്കും. ഇതിനുള്ള നീക്കത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ കേരള ഘടകത്തിന്റെ ഇടപെടല്‍ സുപ്രധാനമാണെന്നും കാരാട്ട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കള്ളപ്പണം തിരിച്ചു രാജ്യത്തു കൊണ്ടുവരുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം. അധികാരത്തിലെത്തിയിട്ട് ഇന്നു വരെ ഇതിനൊന്നും സാധിച്ചില്ല. ശക്തമായ നിയമങ്ങള്‍ ഇതിനു വേണം. കോര്‍പറേറ്റുകളും കുത്തകകളും പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വാഗ്ദാനം പാലിക്കാന്‍ കഴിയുന്നില്ലെന്നും കാരാട്ടി ചൂണ്ടിക്കാട്ടി.

സാമ്പത്തികരംഗത്തെ ചൈനയുടെ വളര്‍ച്ചയില്‍ ആശങ്കാകുലരായ അമേരിക്ക ഇന്ത്യയെ കൂട്ടുപിടിച്ച് ഏഷ്യാ-പസഫിക് മേഖലയില്‍ ശക്തിയുറപ്പിക്കുകയാണെന്നും. പത്തു പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ പിന്തള്ളി ലോക സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നതു മുന്നില്‍കണ്ട് മേഖലയില്‍ കൂടുതല്‍ താവളങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കയുമായി സഖ്യമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

എഴുത്തുകാരായ ടി പദ്മനാഭന്‍, എം കെ സാനു, വൈശാഖന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവരും, മാധ്യമ പ്രതിനിധികളായി എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എ, ഒ അബ്ദുറഹ്മാന്‍ തുടങ്ങിയവരും, സിനിമ രംഗത്തുനിന്ന് സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, പ്രിയനന്ദനന്‍, ആഷിക് അബു, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, നടന്മാരായ മുകേഷ്, ശ്രീകുമാര്‍, പ്രേംകുമാര്‍ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തുനിന്ന് ഡോ. കെ ടി ജലീല്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായി ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ജി സുധാകരന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നന്ദിയും പറഞ്ഞു.

കളര്‍കോട് എസ്.കെ.ഓഡിറ്റോറിത്തിലെ പി.കൃഷ്ണപിള്ള നഗറില്‍ പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്.