വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കായി കമ്പനികൾ ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല; അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കെ.ബാബു

single-img
20 February 2015

Babuതിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കായി സമയപിരിധി കഴിഞ്ഞിട്ടും കമ്പനികൾ ഒന്നും ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല.  നേരത്തെ അപേക്ഷ വാങ്ങിയിരുന്ന മൂന്നു കമ്പനികളും ഇതുവരെ ടെന്‍ഡറില്‍ പങ്കെടുത്തിട്ടില്ല. വെള്ളിയാഴ്ച 11 മണി വരെയാണ് ടെന്‍ഡറിന് സമയം അനുവദിച്ചിരുന്നത്. കമ്പനികള്‍ വിട്ടുനിന്നതോടെ ടെന്‍ഡറിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അതേസമയം തുറമുഖം നിര്‍മ്മാണത്തിന് ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്തത് തന്നെ ഞെട്ടിച്ചു വെന്ന് തുറമുഖ മന്ത്രി കെ.ബാബു. വിഷയത്തില്‍ അട്ടിമറി സാധ്യതയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ അഞ്ചു കമ്പനികളാണ് യോഗ്യത നേടിയിരുന്നത്. അതില്‍ അദാനി പോര്‍ട്‌സ്, എസ്സാര്‍ പോര്‍ട്‌സ്, സ്രേ- ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നീ മൂന്നെണ്ണം മാത്രമാണ് രേഖകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇവരാരും ടെന്‍ഡര്‍ നല്‍കിയില്ല.

2005ല്‍ മുംബൈ ആസ്ഥാനമായ സൂം ഡെലവപ്പേഴ്‌സിന് കരാര്‍ ലഭിച്ചിരുന്നുവെങ്കിലും ചൈനീസ് കമ്പനിയുടെ പങ്കാളിത്തം ബോധ്യപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സുരക്ഷാ അനുമതി നിഷേധിക്കുകയായിരുന്നു. 2012ല്‍ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം ടെന്‍ഡര്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതോടെ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു.