കേന്ദ്ര സര്‍ക്കാറിന് എക്‌സൈസ്‌ കസ്‌റ്റംസ്‌ ഡ്യൂട്ടിയായി ഒരു ലിറ്റര്‍ പെട്രോളിന് 24 രൂപയും ഡീസലിന് 11 രൂപയും ലഭിക്കുന്നു; വില കുറക്കാത്തത് ജനദ്രോഹപരമെന്ന് ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌

single-img
20 February 2015

petrolകൊച്ചി: ക്രൂഡ്‌ ഓയിലിന്റെ വിലക്ക് അനുസരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാതെ അധിക നികുതി അടിച്ചേല്‍പ്പിച്ച്‌ ലാഭമുണ്ടാക്കുന്ന കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ നടപടി ജനദ്രോഹപരമാണെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ 24 രൂപയും ഡീസലില്‍ 11 രൂപയും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ്‌ കസ്‌റ്റംസ്‌ ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. സംസ്‌ഥാന സര്‍ക്കാരിന്‌ പെട്രോളിന്മേല്‍ 11.45 രൂപയും ഡീസലിന്‌ ഒമ്പത്‌ രൂപയും വില്‍പന നികുതിയായി ലഭിക്കുന്നുണ്ട്‌.

കമ്പനികള്‍ക്ക്‌ പെട്രോളിന്മേല്‍ 3.50 രൂപയും ഡിസലിന്മേല്‍ 2.50 രൂപയുമാണ്‌ ലാഭം. ഈ സാഹചര്യത്തില്‍ വീണ്ടും വില വര്‍ധിപ്പിച്ച്‌ ജനങ്ങളുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കാനാണ്‌ സര്‍ക്കാരുകളും കമ്പനികളും ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നും, നഷ്‌ടത്തിലോടുന്ന പമ്പുകളെ പുരോഗതിയിലെത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ണയമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്‌തമാക്കി.

എന്നാല്‍ ഡീലര്‍മാരുടെ പെട്രോള്‍ കമ്മിഷന്‍ ലിറ്ററിന്‌ 2.04 രൂപയായിരുന്നത്‌ 1.97 ആയി കുറച്ചു. അതിനാല്‍ ലക്ഷക്കണക്കിന്‌ രൂപ ഡീലര്‍മാര്‍ക്ക്‌ നഷ്‌ടപ്പെട്ടുവെന്നും പെട്രോളിയം ട്രേഡേഴ്‌സ്‌ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പട്ടികജാതി ഫണ്ടുപയോഗിച്ച്‌ പട്ടികജാതിക്കാര്‍ക്കായി ആരംഭിച്ച പമ്പുകള്‍ കമ്പനികളുടെ അറിവോടെ ബിനാമികള്‍ കൈയടക്കി വെച്ചിരിക്കുകയാണ്‌. സംസ്‌ഥാന സര്‍ക്കാരിനും കമ്പനികള്‍ക്കും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിട്ടുണ്ട്‌.