വി.എസ് അച്ചടക്കലംഘനം നടത്തിയെന്ന് പിണറായി; വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന് നേതൃത്വം

single-img
19 February 2015

vs-and-pinarayivijayanപാര്‍ട്ടിക്കെതിരെ ബദല്‍ കുറിപ്പ് പുറത്തിറക്കിയ വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി നേതൃത്വം പടയ്‌ക്കൊരുങ്ങുന്നു. വി.എസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് കാട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രമേയം അവതരിപ്പിച്ചു. വി.എസ് നല്‍കിയ കത്ത് ചോര്‍ന്നത് ഇക്കാര്യം വ്യക്തമാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പിണറായി പ്രമേയം വായിച്ചത്.

അച്ചടക്ക ലംഘനം അവസാനിപ്പിക്കാത്തതിനാലാണ് വി.എസിനെ പി.ബിയില്‍ നിന്നും പുറത്താക്കിയത്. വി.എസിന്റെ കുറിപ്പിലെ നിലപാടുകള്‍ നേരത്തേ നേതൃത്വം തള്ളിക്കളഞ്ഞതാണ്. മാത്രമല്ല പാര്‍ട്ടിക്കെതിരായ പ്രസ്താവനകളും വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വി.എസിന്റെ ആരോപണം വിഭാഗീയത ലക്ഷ്യം വച്ചുള്ളതാണെന്നും പിണറായി പറഞ്ഞു.

വി.എസ് പറഞ്ഞതുപോലെ സോളാര്‍ സമരത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും ടി.പി കേസില്‍ വി.എസിന് പാര്‍ട്ടിയിലേതില്‍ നിന്നും ഭിന്ന നിലപാടാണുള്ളതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേയ്ക്ക് വി.എസ് തരംതാഴ്ന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന നേതാക്കള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.