വിഎസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധൻ;വിഎസിനെതിരെ പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ വിമര്‍ശനമുള്ള പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം

single-img
19 February 2015

vs-and-pinarayivijayanവിഎസ് അച്യുതാനന്ദന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം.വിഎസ് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാണെന്ന ആരോപണം ഉന്നയിച്ച സിപിഎം സെക്രട്ടറിയേറ്റ് പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം.

 

 

 

[quote arrow=”yes”]

പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ടിക്ക്‌ നല്‍കിയ രേഖയുടെ പൂര്‍ണ്ണ രൂപം എന്ന അവകാശപ്പെട്ട്‌ ഫെബ്രുവരി 18 ന്‌ മലയാള മനോരമ ഒരു രേഖ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച രേഖയിലെ ഉള്ളടക്കത്തോടുകൂടിയ ഒരു കത്ത്‌ പാര്‍ടി സംസ്ഥാനകമ്മിറ്റിക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ നല്‍കിയിരുന്നു. പ്രസ്‌തുത കത്ത്‌ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയും ചര്‍ച്ച ചെയ്‌ത്‌ ഏകകണ്‌ഠമായി തള്ളിയതാണ്‌. കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ നേരത്തെ പാര്‍ടി സംസ്ഥാനകമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ച ചെയ്‌ത്‌ തീരുമാനങ്ങള്‍ എടുത്തവയായിരുന്നതിനാല്‍ ഇത്‌ അനവസരത്തിലുള്ള ഒന്നാണെന്ന്‌ അഭിപ്രായപ്പെട്ടുകൊണ്ടാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയും കത്ത്‌ തള്ളിയത്‌.

 

ഫെബ്രുവരി 9, 10 തീയതികളില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗമാണ്‌ ഈ കത്ത്‌ ചര്‍ച്ച ചെയ്‌തത്‌. ഫെബ്രുവരി 18 ന്റെ മനോരമ പത്രത്തിലാണ്‌ പ്രസിദ്ധീകരിച്ചതെങ്കിലും രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ രേഖ ലഭിച്ചു എന്ന്‌ വ്യക്തമാകുന്ന തരത്തിലായിരുന്നു മനോരമയില്‍ വന്ന റിപ്പോര്‍ട്ട്‌. ഇത്‌ കാണിക്കുന്നത്‌ വി.എസ്‌. അച്യുതാനന്ദന്‍ തുടര്‍ന്നുവരുന്ന അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ല എന്നാണ്‌.

 

തുടര്‍ച്ചയായ അച്ചടക്ക ലംഘനം പൊറുപ്പിക്കാനാവാത്ത സാഹചര്യത്തിലാണ്‌ 2009 ജൂലൈ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി വി.എസ്‌. അച്യുതാനന്ദനെ പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ ഒഴിവാക്കിയത്‌. ആ തീരുമാനത്തോടൊപ്പം പാര്‍ടിയെ കുറിച്ച്‌ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതു പ്രസ്‌താവനകള്‍ ചെയ്യരുതെന്നും സംസ്ഥാനകമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക്‌ വഴങ്ങണമെന്നും കേന്ദ്രകമ്മിറ്റി അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു.

 

ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന്‌ അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ്‌ സര്‍ക്കാരും യു.ഡി.എഫ്‌ നേതാക്കളും മന്ത്രിമാരും വലതുപക്ഷ മാധ്യമങ്ങളും സി.പി.ഐ (എം)നുമേല്‍ കൊലക്കുറ്റം ആരോപിച്ച്‌ ഒരു പ്രചാരണ പ്രളയം തന്നെ സൃഷ്‌ടിച്ചു. ഈ ഘട്ടത്തില്‍ പാര്‍ടിയില്‍നിന്നും വ്യത്യസ്‌തമായ നിലപാട്‌ തുടര്‍ച്ചയായി വി.എസ്‌. അച്യുതാനന്ദന്‍ സ്വീകരിക്കുകയുണ്ടായി. ആ ഘട്ടത്തിലും പാര്‍ടി ജനറല്‍ സെക്രട്ടറിക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ അയച്ച കത്തിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം പരിശോധിക്കുകയും വി.എസ്‌. അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ആ ഘട്ടത്തില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്‌ കേന്ദ്ര കമ്മിറ്റി വ്യക്തമായ നിലപാട്‌ സ്വീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നു:

 

“10. പോളിറ്റ്‌ ബ്യൂറോയ്‌ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടി നേതൃത്വത്തിന്‌ വലതുപക്ഷ വ്യതിയാനമാണെന്ന്‌ സ: വി.എസ്‌ കുറ്റപ്പെടുത്തുന്നുണ്ട്‌. ഈ ആരോപണം പാര്‍ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളയുന്നു. ഡി.ഐ.സിയുമായുള്ള സഖ്യം, പി.ഡി.പിയുമായുള്ള ബന്ധം തുടങ്ങി മുമ്പ്‌ ഉയര്‍ന്നുവന്ന രാഷ്‌ട്രീയ പ്രശ്‌നങ്ങളിന്മേല്‍ പി.ബിയുടെ ഇടപെടലുകളെത്തുടര്‍ന്ന്‌ തീരുമാനം ഉണ്ടായിട്ടുള്ളതാണ്‌. പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ്‌ കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്‌. രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്‌.
11. എ.ഡി.ബി വായ്‌പയുടെ പ്രശ്‌നം വി.എസ്‌ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്‌. ഇത്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പി.ബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്‌. 18-ാം പാര്‍ടി കോണ്‍ഗ്രസ്‌, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശ വായ്‌പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്‌.
12. എസ്‌.എന്‍.സി-ലാവ്‌ലിന്‍ കാര്യത്തില്‍ സ: പിണറായി വിജയനെതിരെ പഴയ ആരോപണം സ: വി.എസ്‌ ഉന്നയിച്ചിട്ടുണ്ട്‌. 2009 ജൂലൈ മാസം ചേര്‍ന്ന പി.ബിയും സി.സിയും ഈ പ്രശ്‌നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‌ നേരെയുള്ള ഈ ആരോപണങ്ങള്‍ കഴമ്പുള്ളതല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുള്ളതാണ്‌.
13. അതുകൊണ്ട്‌ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമാണ്‌ തന്റെ ഭിന്നതകള്‍ എന്ന്‌ സ: വി.എസ്‌ പറയുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. രാഷ്‌ട്രീയമായ വ്യതിയാനമാണ്‌ ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്‌ത സ്വരങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ: വി.എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ്‌ ഉയര്‍ത്തുന്നത്‌.
14. പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്‌താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബ്ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തതിന്‌ സ: വി.എസിനെ ശക്തമായി വിമര്‍ശിക്കുവാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ: പിണറായി വിജയനെ ഡാങ്കെയോട്‌ ഉപമിച്ചത്‌ ശരിയായില്ലെന്ന്‌, ചര്‍ച്ചകള്‍ക്കുശേഷം സ: വി.എസ്‌ കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ദിവസമായ ജൂണ്‍ 2-ാം തീയതി താന്‍ ഒഞ്ചിയത്ത്‌ പോയത്‌ ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.
15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്‌താവനകള്‍ നടത്തിയതിനും സ: വി.എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.”

 

വിഭാഗീയ ഉദ്ദേശത്തോടുകൂടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ തുടരുന്നു എന്നതാണ്‌ ഈ രേഖയിലൂടെ വ്യക്തമാകുന്നത്‌. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ പാര്‍ടി നേരത്തെ നിലപാട്‌ വ്യക്തമാക്കിയതാണ്‌. പാര്‍ടി അംഗീകരിച്ച പൊതു നിലപാടില്‍ നിന്ന്‌ വ്യത്യസ്‌തമായ പരസ്യ പ്രസ്‌താവനകള്‍ വി.എസിന്റെ ഭാഗത്തുനിന്നുണ്ടായതാണ്‌. അതേ നിലപാട്‌ തുടരുകയും പാര്‍ടിയില്‍ ഫാസിസ്റ്റ്‌ മനോഭാവം ആരോപിക്കുകയും ചെയ്യുന്ന പാര്‍ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക്‌ വി.എസ്‌ തരംതാണിരിക്കുന്നു.

 

ചന്ദ്രശേഖരനടക്കമുള്ളവരെ പാര്‍ടിയിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ ഒഞ്ചിയത്ത്‌ പോയതിനെ കുറിച്ച്‌ വി.എസ്‌ അവകാശപ്പെടുന്നുണ്ട്‌. തീര്‍ത്തും വസ്‌തുതാവിരുദ്ധമായ ഒരു കാര്യമാണിത്‌. ചന്ദ്രശേഖരനും കൂട്ടരും പാര്‍ടിക്ക്‌ പുറത്ത്‌ പോയപ്പോള്‍ അവരുടെ നേതാവായി പ്രദര്‍ശിപ്പിച്ചത്‌ വി.എസിനെയായിരുന്നു. അതിനവര്‍ ചെയ്‌തത്‌ വി.എസിന്റെ പടവുമെടുത്ത്‌ പ്രകടനം നടത്തുക, വി.എസിന്റെ പടമുള്ള ബോര്‍ഡുകള്‍ വെക്കുക തുടങ്ങിയവയായിരുന്നു. ജീവിച്ചിരിക്കുന്ന പാര്‍ടി നേതാവ്‌ തങ്ങളുടെ നേതാവാണെന്ന്‌ ഒരു വിഘടിത വിഭാഗം അവകാശപ്പെടുന്നതിനെ ഒഞ്ചിയത്തെ പാര്‍ടി സഖാക്കള്‍ ചോദ്യം ചെയ്‌തു. ഇത്‌ സംഘര്‍ഷാന്തരീക്ഷം സൃഷ്‌ടിച്ചു. ഒഞ്ചിയത്തുള്ള ഒരു പൊതുയോഗത്തില്‍ വി.എസ്‌. പങ്കെടുക്കണമെന്നും വിഘടിത വിഭാഗത്തെ വിമര്‍ശിച്ച്‌ സംസാരിക്കണമെന്നും പാര്‍ടി കോഴിക്കോട്‌ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചതിന്റെ ഭാഗമായി വൈകിയാണെങ്കിലും വി.എസ്‌ ഒഞ്ചിയത്ത്‌ ഒരു പാര്‍ടി പൊതുയോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ വിഘടിത വിഭാഗത്തെ നേരിയ തോതില്‍പോലും വിമര്‍ശിച്ച്‌ സംസാരിക്കാന്‍ തയ്യാറായില്ല.

 

സംസ്ഥാന നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനത്തിന്റെ ഉദാഹരണങ്ങളായി ചില കാര്യങ്ങള്‍ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ആക്ഷേപങ്ങളെ കുറിച്ച്‌ പരിശോധിച്ചാണ്‌, പാര്‍ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ട്‌ വെച്ചിട്ടുള്ള അടവുനയങ്ങളാണ്‌ കേരള സംസ്ഥാനകമ്മിറ്റി പിന്തുടര്‍ന്ന്‌ പോരുന്നത്‌ എന്ന്‌ പാര്‍ടി കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയത്‌. രേഖയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പഴയതിന്റെ ആവര്‍ത്തനം മാത്രമാണ്‌.

 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പിഴവു സംഭവിച്ചതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്ന വിലയിരുത്തല്‍ പാര്‍ടി നടത്തിയിട്ടില്ല.

 

സോളാര്‍ സമരവുമായി ബന്ധപ്പെട്ട്‌ എല്ലാ തീരുമാനങ്ങളും വി.എസ്‌. അച്യുതാനന്ദനടക്കമുള്ള പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുപക്ഷ ജനാധിപത്യമുന്നണിയുമാണ്‌ എടുത്തിരുന്നത്‌. ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടാമെന്ന നിര്‍ദ്ദേശം സമരം തുടങ്ങുന്നതിനു മുമ്പുതന്നെ ഉണ്ടായിരുന്നു എന്നത്‌ പുതിയൊരു വെളിപാടാണ്‌. പാര്‍ടിയോ എല്‍.ഡി.എഫോ അത്തരം ഒരു നിര്‍ദ്ദേശത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ല. നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണ ആവശ്യം ഉയര്‍ത്തിക്കൊണ്ട്‌ തുടര്‍ച്ചയായി ഒമ്പതു ദിവസം വി.എസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രക്ഷുബ്‌ധമായ അന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. ഒരു ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട്‌ ചര്‍ച്ചയ്‌ക്കുപോലും സര്‍ക്കാര്‍ തയ്യാറായില്ല. പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സങ്കല്‍പ്പകഥയുടെ ഭാഗമായാണ്‌ പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്‌.

 

സമരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളുടെയും അവസാന തീരുമാനം എല്‍.ഡി.എഫ്‌ ആണ്‌ എടുത്തതെങ്കിലും എല്ലാ പ്രശ്‌നങ്ങളും പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്‌തിരുന്നു. പിന്‍വലിച്ചതും വി.എസ്‌. അച്യുതാനന്ദന്‍ അടക്കം പങ്കെടുത്ത സെക്രട്ടേറിയറ്റ്‌ തീരുമാനപ്രകാരമായിരുന്നു. സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അടച്ചിട്ട സര്‍ക്കാരാണ്‌ കന്റോണ്‍മെന്റ്‌ ഗേറ്റ്‌ തുറന്നിട്ടത്‌. അതുകൊണ്ടാണ്‌ ബേക്കറി ജംഗ്‌ഷനില്‍ ഉപരോധം ഉയര്‍ത്തിയത്‌. ബേക്കറി ജംഗ്‌ഷന്‍ ഉപരോധം എല്‍.ഡി.എഫ്‌ തീരുമാനിച്ചതാണ്‌.
പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്ന്‌ തോമസ്‌ ഐസക്‌ പ്രതികരിച്ചത്‌ സമരം പിന്‍വലിച്ചതിനെപ്പറ്റിയല്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്വീകരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ആ പ്രതികരണം.

 

ഒരു സഖാവിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ്‌ തെരഞ്ഞെടുക്കപ്പെട്ട പാര്‍ടി ഘടകത്തില്‍ സഖാവിനെ ഉള്‍പ്പെടുത്തുന്നത്‌. പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്‌ത്‌ എടുക്കുന്ന തീരുമാനത്തിലൂടെയാണ്‌ അത്തരം നിര്‍ദ്ദേശങ്ങള്‍ക്ക്‌ രൂപം നല്‍കുക. ചില സഖാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള നിലപാട്‌ വി.എസില്‍ നിന്ന്‌ ഉണ്ടായപ്പോള്‍ സംസ്ഥാന കമ്മിറ്റിയില്‍ തന്നെ വ്യക്തമാക്കിയതായിരുന്നു വിഭാഗീയതയുടെ ഭാഗമായി പേര്‌ പരാമര്‍ശിച്ചവരെല്ലാം തന്റെ കക്ഷത്തില്‍ ഒതുങ്ങിനില്‍ക്കുകയാണെന്ന്‌ ധരിക്കരുത്‌ എന്ന്‌. വിഭാഗീയ നിലപാടുകള്‍ ഉപേക്ഷിച്ച്‌ പാര്‍ടി ഐക്യം വളര്‍ത്താനുള്ള പൊതുവികാരത്തിലാണ്‌ സഖാക്കള്‍ എല്ലാം ഏര്‍പ്പെട്ടിരിക്കുന്നത്‌. പാര്‍ടിയില്‍ ആകെ ഉയര്‍ന്നുവന്ന കൂട്ടായ്‌മയുടെയും യോജിപ്പിന്റേതുമായ ഈ അന്തരീക്ഷത്തില്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടി ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ടി തള്ളിക്കളയുന്നു.

[/quote]