നാക്കില്‍ കഞ്ചാവ് തേച്ചാണ് ന്യുജനറേഷന്‍ സിനിമയെടുക്കുന്നതെന്ന് ഗണേഷ്‌കുമാര്‍

single-img
7 February 2015

ganeshകൊല്ലം: നാക്കില്‍ കഞ്ചാവ് തേച്ചാണ് ന്യുജനറേഷന്‍ സിനിമയെടുക്കുന്നതെന്ന് ഗണേഷ്‌കുമാര്‍. കൂടാതെ ആഷിക് അബുവിനെ പേരെടുത്തു പറയാതെ ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇടുക്കിയിലെ കഞ്ചാവിന് ഇടുക്കി ഗോള്‍ഡ് എന്ന് പേരിട്ടു നാട്ടുകാരെ കാണിച്ചുവെന്നും. സിനിമ ഒരു വ്യക്തമായ സന്ദേശം നല്‍കുന്ന മാധ്യമമാണെന്നും കഞ്ചാവിനെ പ്രമോട്ട് ചെയ്യാന്‍ അത് ഉപയോഗിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ന്യൂജനറേഷന്‍ സിനിമകള്‍ കണ്ടിട്ട് മനസിലാകണമെങ്കില്‍ കാണുന്നവരും കഞ്ചാവ് നാക്കില്‍ തേച്ച് സിനിമ കാണണമെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. നടന്‍ ശ്രീനിവാസന്‍ പുത്തന്‍ തലമുറയിലെ സിനിമക്കാരെ കുറിച്ച് പറഞ്ഞതെല്ലാം സത്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഞ്ചാവടിച്ച് സിനിമയെടുക്കുന്നവരെ പൊലീസ് പിടിച്ച് അകത്തിടണമെന്നും, ഇക്കൂട്ടര്‍ മലയാള സിനിമ തുലയ്ക്കാന്‍ വന്നവരാണെന്നും ശ്രീനിവാസന്‍ വിമർശിച്ചിരുന്നു. ന്യുജനറേഷന്‍ താരം ഷൈന്‍ ടോം ചാക്കോ കഞ്ചാവ് കേസില്‍ പിടിയിലായതാണ് വിവാദങ്ങൾക്ക് തുടക്കമായത്.

കൊക്കെയിന്‍ കേസുമായി ബന്ധപ്പെട്ട് ആഷിക് അബുവിനും റിമാകല്ലിങ്കലിനും ഫഹദ് ഫാസിലിനും എതിരെ പ്രമുഖ മാധ്യമം സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കിയത് വിവാദമായിരുന്നു.