നിതീഷ്‌ കട്ടാര കൊലക്കേസ്; പ്രതികള്‍ക്ക്‌ ഡല്‍ഹി ഹൈക്കോടതി 30 വര്‍ഷത്തെ തടവു വിധിച്ചു

single-img
7 February 2015

kataraന്യൂഡല്‍ഹി: നിതീഷ്‌ കട്ടാര കൊലക്കേസില്‍ പ്രമുഖ രാഷ്‌ട്രീയ നേതാവ്‌ ഡി.പി യാദവിന്റെ മകന്‍ വികാസ്‌ യാദവ്‌ ഉൾപെടെ മൂന്നു പ്രതികള്‍ക്ക്‌ ഡല്‍ഹി ഹൈക്കോടതി 30 വര്‍ഷത്തെ തടവു വിധിച്ചു. വധശിക്ഷ നല്‍കണമെന്ന അപ്പീല്‍ തള്ളിയശേഷമാണ്‌ ശിക്ഷ ജീവപര്യന്തത്തില്‍നിന്നും ഉയര്‍ത്തിയത്‌. ജസ്‌റ്റിസ്‌ ഗീത മിത്തല്‍, ജസ്‌റ്റിസ്‌ ജെ.ആര്‍. മിധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് വികാസ്‌ യാദവ്‌, വിശാല്‍ യാദവ്‌, വാടകക്കൊലയാളി സുഖ്‌ദേവ്‌ പെഹാല്‍വന്‍ എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്‌. 50 ലക്ഷം രൂപവീതം പിഴയും അടയ്‌ക്കണം.

ശിക്ഷ 25 വര്‍ഷമായി ഉയര്‍ത്തിയ കോടതി, തെളിവു നശിപ്പിച്ച കുറ്റത്തിന്‌ അഞ്ചുവര്‍ഷം അധിക തടവു കൂടി വിധിക്കുകയായിരുന്നു. 25 വര്‍ഷത്തെ ശിക്ഷയ്‌ക്കിടെ ഇളവും അനുവദിക്കില്ലെന്നും കോടതി വ്യക്‌തമാക്കി. പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിതീഷിന്റെ അമ്മ നീലം കട്ടാര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു നീലം പറഞ്ഞു. കോടതി വിധിച്ച നഷ്‌ടപരിഹാരം തനിക്കാവശ്യമില്ലെന്നും പണം കൊണ്ടു നികത്താവുന്നതല്ല തനിക്കുണ്ടായ നഷ്‌ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വികാസിന്റെ സഹോദരി ഭാരതി യാദവുമായി നിതീഷിനുണ്ടായിരുന്ന അടുപ്പമാണ്‌ കൊലയ്‌ക്കു കാരണമായത്‌. 2002 ഫെബ്രുവരി 16നാണു കേസിനാസ്‌പദമായ സംഭവം നടന്നത്.