ഡല്‍ഹി ശനിയാഴിച്ച ബൂത്തിലേക്ക്

single-img
6 February 2015

voteന്യൂഡല്‍ഹി: ഡല്‍ഹി  ശനിയാഴിച്ച ബൂത്തിലേക്ക്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം.  പരമാവധി വോട്ടര്‍മാരെ നാളെ ബൂത്തിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍.

ആവേശം നിറഞ്ഞ പരസ്യപ്രചാരണത്തിനൊടുവില്‍ മൂന്നു പാര്‍ട്ടികളും വിജയം അവകാശപ്പെടുന്നു. മോദിയുടെ ജനപിന്തുണയും കിരണ്‍ ബേദിയുടെ പ്രതിച്ഛായയും വോട്ടായിമാറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.  പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ ഫണ്ട് വിവാദത്തിന്റെ പേരില്‍ എഎപിയെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നു.

മറുവശത്ത് അഭിപ്രായ സര്‍വേഫലങ്ങള്‍ നല്‍കുന്ന ആവേശത്തിലാണ് ആം ആദ്മി പാര്‍ട്ടി. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് ഗ്രാമീണമേഖലകളില്‍ വലിയ വിജയം നേടിത്തരുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കുമോയെന്ന ആശങ്കയും എഎപിക്കുണ്ട്. നിലനില്‍പിനുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ടുപോയ അടിത്തറ വീണ്ടെടുക്കാന്‍ അജയ് മാക്കനു കീഴിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്.

അരവിന്ദ് കേജ്‌രിവാള്‍ മല്‍സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് തീപാറുന്ന പോരാട്ടം. മുന്‍ മന്ത്രി കിരണ്‍ വാലിയയെ കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍ യുവ വനിതാ നേതാവ് നൂപുര്‍ ശര്‍മയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.